റാസൽഖൈമയ്ക്ക് സമീപം തീപിടിച്ച എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയും യുഎഇ രക്ഷപ്പെടുത്തി
ശാരിക
അബൂദബി: റാസൽഖൈമ തീരത്തിനു സമീപം തീപിടിച്ച എണ്ണക്കപ്പലിലെ ജീവനക്കാരായ 22 ഇന്ത്യക്കാരെയും യുഎഇ അധികൃതർ സുരക്ഷിതമായി പുറത്തെത്തിച്ചതായി യുഎഇ നാഷനൽ ഗാർഡ് അറിയിച്ചു. റാസൽഖൈമ തീരത്തിനു സമീപം എം.ടി. ജെം നമ്പർ 2 (MT Gem No. 2) എന്ന എണ്ണ ടാങ്കറിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് യുഎഇ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ നാവിക ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും കോൺസുലേറ്റ് നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ ഗൾഫിൽ വെച്ച് അപകടത്തിൽ പെട്ട കപ്പലിലെ ജീവനക്കാർ നൽകിയ അടിയന്തര സന്ദേശത്തെ തുടർന്നാണ് നാഷനൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് വിഭാഗം അടിയന്തരമായി ഇടപെട്ടത്. സന്ദേശം ലഭിച്ചയുടൻ പ്രത്യേക രക്ഷാപ്രവർത്തന സംഘങ്ങളെ കപ്പലിലേക്ക് അയക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം അതിവേഗത്തിൽ ഇടപെട്ട് 22 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. രക്ഷപ്പെടുത്തിയവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എണ്ണക്കപ്പലിൽ തീപിടിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് കപ്പലിൽ ഈ അപകടം ഉണ്ടായിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം പ്രതികരിക്കാനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനുമുള്ള നാഷനൽ ഗാർഡിന്റെ സജ്ജീകരണമാണ് ഈ ദൗത്യം വിജയകരമാക്കിയതെന്ന് അധികൃതർ വിലയിരുത്തി. അന്താരാഷ്ട്ര സമുദ്രാതിർത്തികളിൽ ജീവൻ സംരക്ഷിക്കുന്നതിനും സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ോേ്ോേ്

