യുഎഇയിലെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം ഇനി 'തഹ്‌നൂൻ ഇന്റർനാഷണൽ എയർപോർട്ട്'
ശാരിക
അബൂദബി: യുഎഇയിലെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'തഹ്‌നൂൻ ഇന്റർനാഷണൽ എയർപോർട്ട്' എന്നാക്കി മാറ്റി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. അന്തരിച്ച മുൻ അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളെ മുൻനിർത്തിയാണ് ഈ ആദരവ്. പുതിയ പേരിൽ വിമാനത്താവളം ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വിശ്വസ്തനായ ഉപദേശകനായിരുന്നു ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ്. 1971 മുതൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലം കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അൽ ഐൻ മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ നിർണായകമാണ്. 2024 മെയ് ഒന്നിന് 82-ാം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
തന്റെ ദീർഘകാല പൊതുജീവിതത്തിൽ ഒട്ടേറെ സുപ്രധാന പദവികൾ ശൈഖ് തഹ്‌നൂൻ വഹിച്ചിട്ടുണ്ട്. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ, അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ചെയർമാൻ, സുപ്രീം പെട്രോളിയം കൗൺസിൽ വൈസ് ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം കാര്യക്ഷമമായി കൈകാര്യം ചെയ്തു. അൽ ഐൻ മുനിസിപ്പാലിറ്റി ചെയർമാൻ പദവിയിലിരുന്ന് യുഎഇയുടെ ആദ്യകാല കാർഷിക, നഗരവികസന പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി.
sdsdf

