യുഎഇയിൽ ആത്മഹത്യാ ശ്രമം ഇനി കുറ്റകരമല്ല; ക്രിമിനൽ നിയമത്തിൽ നിർണായക ഭേദഗതി
ശാരിക
അബൂദബി: യുഎഇയുടെ ക്രിമിനൽ നിയമത്തിൽ നിർണ്ണായക ഭേദഗതികളുമായി ഭരണകൂടം. ഇനി മുതൽ യുഎഇയിൽ സ്വയം ജീവനൊടുക്കാൻ ശ്രമിക്കുന്നത് കുറ്റകരമല്ലാതായി മാറും. ഒക്ടോബർ 8 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ നിയമഭേദഗതി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാനസിക സംഘർഷങ്ങളും കടുത്ത പ്രതിസന്ധികളും നേരിടുന്നവരെ ക്രിമിനൽ കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കുന്നതിന് പകരം പ്രതിരോധപരവും ചികിത്സാപരവും മാനുഷികവുമായ കാഴ്ചപ്പാടോടെ സഹായിക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
നിയമനടപടി നേരിടേണ്ടി വരുമെന്ന ഭയം കാരണം പലരും ആവശ്യമായ സഹായം തേടാൻ മടിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർണായക മാറ്റം വരുത്തിയത്. ഇത് സമയബന്ധിതമായ ഇടപെടലുകൾ നടത്തി ആവശ്യമായ പരിചരണവും മാനസിക പിന്തുണയും നൽകാനും ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും സഹായിക്കും. ഇത്തരം കേസുകളും അനുബന്ധ വിവരങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ മികച്ച പ്രതിരോധ-ചികിത്സാ പദ്ധതികൾ രൂപീകരിക്കാനും പുതിയ നിയമം സഹായകരമാകും.
നേരത്തെ യുഎഇ നിയമപ്രകാരം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചാൽ ആറുമാസം വരെ തടവോ 5,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായിരുന്നു. ചില പ്രത്യേക അവസരങ്ങളിൽ കോടതി ശിക്ഷയ്ക്ക് പകരം വൈദ്യചികിത്സ നിർദ്ദേശിക്കാറുമുണ്ടായിരുന്നു. സമൂഹത്തിലെ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ച് നിയമസംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി. മാനുഷിക മൂല്യങ്ങളും വ്യക്തികളുടെ അന്തസ്സും സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഈ നിയമം സഹായിക്കും.
dsfdsf

