സൗ­ദി­യിൽ സ്‌കൂൾ അടച്ചു­പൂ­ട്ടി : പ്രതി­ഷേ­ധവു­മാ­യി­ രക്ഷി­താ­ക്കൾ


റിയാദ് : യാതൊരു മുന്നറിയിപ്പും നൽകാതെ അൽകോബാറിലെ സൺഷൈൻ സ്‌കൂൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ. പുതിയ അധ്യയന വർഷം ആരംഭിച്ച ഇന്നലെ സ്‌കൂൾ പ്രവർത്തിക്കുന്നില്ല എന്ന മാനേജ്‌മെന്റിന്റെ സർക്കുലർ രക്ഷിതാക്കളെ ഞെട്ടിച്ചു. ഇതോടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പെരുവഴിയിലായത്. മുൻ വർഷങ്ങളിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സ്‌കൂളിൽ കഴിഞ്ഞ കൊല്ലം 900 വിദ്യാർഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന നിബന്ധന നടപ്പിലാക്കാത്തതിനെ തുടർന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നിലപാട് കടുപ്പിക്കുകയും അടച്ചു പൂട്ടണമെന്ന നോട്ടീസ് നൽകുകയും ചെയ്യുകയായിരുന്നു. പല തവണ സ്‌കൂൾ അധികൃതർക്ക് വിദ്യാഭ്യാസ മന്ത്രാലയംമുന്നറിയിപ്പ് നൽകിയിരുന്നതായാണ് അറിയുന്നത്. ഉത്തരവിനെ മറികടക്കാൻ സ്‌കൂൾ അധികാരികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

വിദ്യാർത്ഥികൾക്ക് ഏതു സി.ബി.എസ്.ഇ അംഗീകാരമുള്ള സ്‌കൂളുകളിലും പ്രവേശനം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ഇതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും സൺഷൈൻ സ്‌കൂൾ മാനേജ്‌മെന്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. എന്നാൽ ദമാമിലെ ഇന്ത്യൻ സ്‌കൂളിലും മറ്റു സ്വകാര്യ സ്‌കൂളുകളിലും മുഴുവൻ കുട്ടികൾക്കും പ്രവേശനം ലഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇന്നലെ മുതൽ രക്ഷിതാക്കൾ സ്‌കൂളിൽ വന്നു ബഹളം വെക്കുന്നുണ്ട്. രണ്ടാഴ്ച മുന്പ് പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കൂൾ അധികൃതർ വിതരണം ചെയ്തിരുന്നു. സ്‌കൂൾ അടച്ചതോടെ യൂണിഫോം ഇനി എന്തിനാണെന്നും ഇതെല്ലം തിരിച്ചെടുത്തു പണം നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. 

കൂടാതെ മറ്റു സ്‌കൂളുകളിൽ പ്രവേശനം ലഭിക്കണമെങ്കിൽ പ്രവേശന ഫീസ് അനിവാര്യമാണെന്നും മുൻകൂർ അടച്ച ഫീസും നഷ്ടപരിഹാരവും നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല മറ്റു സ്‌കൂളുകളിൽ പ്രവേശനം ഉറപ്പു വരുത്താൻ സ്‌കൂൾ അധികൃതർ തന്നെ മുന്നിട്ടിറങ്ങണമെന്നും ഇവർ ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed