ഡെലിവറി ജീവനക്കാരനെ മർദിച്ച സംഭവം: ഉപഭോക്താവ് 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി


ശാരിക

അബൂദബി: ഭക്ഷണം എത്തിച്ചു നൽകുന്നതിനിടെ ഡെലിവറി ജീവനക്കാരനെ ശാരീരികമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത ഉപഭോക്താവ് ഇരയായ തൊഴിലാളിക്ക് 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. പ്രതിക്കെതിരായ ക്രിമിനൽ കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സിവില്‍ കോടതിയുടെ ഈ സുപ്രധാന വിധി പുറത്തുവന്നത്. മുൻപ് ഈ കേസിൽ പ്രതിക്ക് ക്രിമിനൽ കോടതി രണ്ടുമാസം തടവും 10,000 ദിർഹം പിഴയും വിധിച്ചിരുന്നെങ്കിലും തടവുശിക്ഷ മൂന്നുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.

തനിക്കുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും പരിഹാരമായി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഡെലിവറി തൊഴിലാളി കോടതിയെ സമീപിച്ചത്. കസ്റ്റമർക്ക് ആഹാരം എത്തിച്ചു നൽകുന്നതിനിടെ അപ്രതീക്ഷിതമായി അയാള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഭക്ഷണത്തിന്‍റെ പണം നല്‍കാതെ അത് കൈക്കലാക്കുകയുമായിരുന്നുവെന്ന് പരാതിക്കാരന്‍ കോടതിയിൽ വ്യക്തമാക്കി. ആക്രമണത്തെത്തുടര്‍ന്ന് വൈദ്യസഹായം തേടേണ്ടിവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെലിവറി ജീവനക്കാരനെ അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതില്‍ പ്രതി കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി ഇതിനകം കണ്ടെത്തിയിട്ടുള്ളതാണെന്ന് സിവില്‍ കോടതി നിരീക്ഷിച്ചു. അക്രമം കാരണം ജോലി തടസ്സപ്പെട്ടതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും, പരസ്യമായി അപമാനിതനായതിലൂടെ ഉണ്ടായ മാനസിക വിഷമങ്ങള്‍ക്കും പരാതിക്കാരന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed