ഭൗമ മണിക്കൂർ : 323 മെഗാവാട്ട് വൈദ്യുതി ലാഭിച്ച് ദുബൈ
ദുബൈ : ഭൗമ മണിക്കൂർ ആചരണത്തിലൂടെ ദുബൈ ലാഭിച്ചത് 323 മെഗാവാട്ട് വൈദ്യുതി. കഴിഞ്ഞ വർഷത്തേക്കാൾ 32% കൂടുതൽ വൈദ്യുതി ലാഭിക്കാൻ കഴിഞ്ഞു. 140 ടൺ കാർബൺ മലിനീകരണം ഒഴിവാക്കാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം. ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകൾ കെടുത്താനും ഉപകരണങ്ങൾ ഓഫ് ചെയ്യാനുമുള്ള ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യുടെ ആഹ്വാനത്തിന് അനുകൂലമായി പൊതുജനങ്ങളിൽ നിന്നു വൻ പ്രതികരണമാണുണ്ടായത്.
സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ വിവിധ സർക്കാർ ഏജൻസികൾ സംഘടിപ്പിച്ച പരിപാടികളിൽ ഒട്ടേറെ പേർ പങ്കെടുക്കുകയും ചെയ്തു. ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജിയുടെ നേതൃത്വത്തിൽ വൈകിട്ടു 4.00 മുതൽ രാത്രി 10.00 വരെ ബിസിനസ് ബേ മരാസി പ്രൊമനേഡിൽ നടന്ന പരിപാടികളിൽ കുട്ടികൾ, സ്കൂൾ−, കോളേജ് വിദ്യാർത്ഥികൾ, തൊഴിലാളികൾ, വനിതകൾ തുടങ്ങിയവർ പങ്കെടുത്തു.

