നാളെ മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുമായി കെഎസ്ഇബി; പ്രതിസന്ധി രൂക്ഷം
ഷീബ വിജയൻ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ആറ് സംസ്ഥാനങ്ങളിൽ വൈദ്യുതിക്കായി അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണം അനിവാര്യമാകുമെന്നും വിവിധ വഴികൾ തേടുന്നതായും കെഎസ്ഇബി വ്യക്തമാക്കി. ഹിമാചൽ വൈദ്യുതിയുടെ ഒരുമാസത്തെ കരാർ രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി.
800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാൽ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെഎസ്ഇബി ചെയർമാൻ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ല. തത്സമയ മാർക്കറ്റിൽ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം. കേന്ദ്ര വിഹിതം കൂടുതൽ അനുവദിക്കുന്നതിന്റെ സാധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം അറിയിച്ചു. കൂടിയ വിലയ്ക്ക് ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ബദൽ മാർഗങ്ങൾ യാതൊന്നും നിർദേശിച്ചിട്ടില്ല. റിയൽ മാർക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയിൽ കുറവ് വന്നാലും നിയന്ത്രണം മറികടക്കാനാവും.
tygrtgrter

