ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ ജനതയുടെ വൻ പിന്തുണ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ ജനതയുടെ വൻ പിന്തുണയെന്ന് സർവ്വേ. ഫോക്സ് ന്യൂസ് നടത്തിയ സർവ്വേയിൽ 63 ശതമാനം പേരും മെയിൽ നടക്കുമെന്ന് കരുതപ്പെടുന്ന കൂടിക്കാഴ്ചയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി. അതേസമയം 30 ശതമാനം പേരാണ് കൂടിക്കാഴ്ചയിൽ എതിർപ്പറിയിച്ചത്. മാർച്ച് 18 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തിയ സർവ്വേയുടെ ഫലമാണ് ഫോക്സ് ന്യൂസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
കൂടിക്കാഴ്ചയിൽ നിർണായക പങ്ക് വഹിക്കുക ട്രംപായിരിക്കുമെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 26 ശതമാനം പേർ മാത്രമാണ് കിമ്മിന്റെ ഭാഗത്ത് നിന്നത്. കൂടിക്കാഴ്ച രണ്ട് കൂട്ടർക്കും ഉപയോഗപ്രദമാകണമെന്നും അല്ലാത്തപക്ഷം അതൊരു പരാജയമായിരിക്കുമെന്നും 19 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഇരുവരും തമ്മിലുള്ള ചർച്ചയുടെ ഫലമെന്താകുമെന്ന് പ്രവചിക്കുക അസാധ്യമാണെന്നാണ് 14 ശതമാനം ചൂണ്ടിക്കാട്ടിയത്.
ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള തീരുമാനത്തെ ലോകനേതാക്കളും സ്വാഗതം ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ ഇൻ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താക്കൾ തുടങ്ങി നിരവധിപ്പേരാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്.
മാർച്ച് ആദ്യവാരം ദക്ഷിണകൊറിയൻ പ്രതിനിധി സംഘം ഉത്തരകൊറിയ സന്ദർശിച്ചു മടങ്ങിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡണ്ടുമായുള്ള കൂ
ടിക്കാഴ്ചയ്ക്കും ചർച്ചയ്ക്കും താൻ സന്നദ്ധനാണെന്ന് കിം ജോംഗ് ഉൻ അറിയിച്ചത്. ചർച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം സ്വീകരിച്ച ട്രംപ് മേയിൽ കൂടിക്കാഴ്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതികരിച്ചിരുന്നു.

