മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല; ആദ്യതവണ 10,000 രൂപ പിഴ, ആവർത്തിച്ചാൽ 15,000


ഷീബ വിജയൻ


തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആദ്യത്തെ കുറ്റത്തിന് 10,000 രൂപ പിഴയോ അല്ലെങ്കിൽ ആറുമാസം വരെ തടവോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ടു വർഷം വരെ തടവുമാണ് ശിക്ഷ. മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരം 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലീഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാലാണ് കേസ് ചുമത്തുന്നത്. സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനാ ഡ്രൈവിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 20 മുതൽ 27 വരെ നടന്ന പരിശോധനയിൽ ആകെ 1,50,621 വാഹനങ്ങളാണ് തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ (678) രജിസ്റ്റർ ചെയ്തത്. കൊല്ലം സിറ്റി (619), തിരുവനന്തപുരം റൂറൽ (585), പാലക്കാട് (584), കോട്ടയം (528) എന്നിവയാണ് തൊട്ടുപിന്നിൽ. ലൈസൻസ് റദ്ദാക്കാൻ ഏറ്റവും കൂടുതൽ ശിപാർശ നൽകിയത് കോട്ടയം ജില്ലയിലാണ് (507). മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയത്. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’ വാട്സ്ആപ് നമ്പർ (9747001099) മുഖേന പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണ്.

article-image

xzxxzXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed