ജിഎസ്എൽവി എഫ് 18 വിജയകരം; 'എൻവിഎസ് 03' വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ


ഷീബ വിജയൻ


ശ്രീഹരിക്കോട്ട: രാജ്യത്തിന് സ്വന്തമായി അത്യാധുനിക നാവിഗേഷൻ സൗകര്യമൊരുക്കുന്ന ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വൻ വിജയമായി മാറി. എൻവിഎസ്- 03 (NVS-03) ഉപഗ്രഹവും പേറി രാത്രി 11.51-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിദേശ രാജ്യങ്ങളുടെ ജിപിഎസ് സംവിധാനത്തിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത തദ്ദേശീയ നാവിഗേഷൻ ശൃംഖലയായ 'നാവിക്' (NavIC) പരമ്പരയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാം ദൗത്യമായിരുന്നു ഇത്.

2232 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് 12 വർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിലച്ചത് മുൻപ് നമ്മുടെ ഗതിനിർണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ സേവനം ഉറപ്പാക്കാൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും തടസ്സമില്ലാതെ പ്രവർത്തിക്കേണ്ടതുണ്ട്. ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ ജിഎസ്എൽവി എത്തിച്ച ഉപഗ്രഹം, പിന്നീട് അതിലെ സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് നിശ്ചിത ലക്ഷ്യസ്ഥാനത്ത് നിലയുറപ്പിക്കും. വെറും 19 മിനിറ്റുകൊണ്ട് ദൗത്യം പൂർത്തിയാക്കിയ എൻവിഎസ് 03, ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ്.

ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ ഇനി എൻവിഎസ് 03-യുടെ സേവനം തടസ്സമില്ലാതെ ലഭ്യമാകും. സാധാരണ ജിപിഎസിനെക്കാൾ ഉയർന്ന സൂക്ഷ്മതയോടെ ലൊക്കേഷൻ വിവരങ്ങൾ നൽകാൻ ഇതിന് സാധിക്കും. ഇത് മൊബൈൽ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കും. കൂടാതെ, പൂർണതോതിലുള്ള നാവിക് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ട്രെയിനുകളുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കാനും സാധിക്കും. കൃത്യമായ സമയനിർണയത്തിനായി തദ്ദേശീയമായി നിർമിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗത എൽ-5, എസ് ഫ്രീക്വൻസി ബാൻഡുകൾക്ക് പുറമേ, പുതിയ എൽ 1 ഫ്രീക്വൻസി സിഗ്നലുകളും ഈ ഉപഗ്രഹം പുറപ്പെടുവിക്കും. നിലവിൽ മൊബൈൽ ഫോണുകളിലെ ജിപിഎസ് പ്രവർത്തിക്കുന്നത് എൽ1 ബാൻഡിലാണ്. പ്രതിരോധം, റോഡ്-റെയിൽ-വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം മേഖലകൾക്ക് ഈ ഉപഗ്രഹം വലിയ ശക്തി പകരും.

article-image

cddsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed