സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ബജറ്റ് എയർലൈൻ; എം.പിമാരുടെ നിർദേശം ബഹ്റൈൻ പാർലമെന്റിൽ


പ്രദീപ് പുറവങ്കര

മനാമ: സ്വകാര്യ മേഖലയുമായി സഹകരിച്ച് ബഹ്‌റൈനിൽ പുതിയ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനി (ബജറ്റ് എയർലൈൻ) ആരംഭിക്കണമെന്ന നിർദേശവുമായി പാർലമെന്റ് അംഗങ്ങൾ. സർവീസസ് കമ്മിറ്റി ചെയർമാൻ എം.പി ഡോ. മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലാണ് ഈ നിർദേശം സമർപ്പിച്ചത്. വിമാന യാത്രാനിരക്ക് കുറയ്ക്കുന്നതിനും, കൂടുതൽ പുതിയ റൂട്ടുകളിലേക്ക് സർവീസുകൾ ആരംഭിച്ച് രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ വർദ്ധിക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്നും, ബഹ്‌റൈനെ പ്രമുഖ പ്രാദേശിക ഗതാഗത കേന്ദ്രമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും ഡോ. അൽ ഒലൈവി പറഞ്ഞു. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതോടൊപ്പം ബഹ്‌റൈനികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി ഉപകരിക്കും. പാർലമെന്ററി സംയുക്ത സമിതി ഈ നിർദേശത്തിന് ഐകകണ്ഠ്യേന അംഗീകാരം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്തേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മലേഷ്യൻ ബജറ്റ് എയർലൈനായ എയർഏഷ്യയുമായി സഹകരിച്ച് സർവീസുകൾ നടത്താൻ ഗൾഫ് എയർ കരാറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Bahrain #BahrainAviation #BudgetAirline #4PMNews

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed