ബഹ്റൈൻ മനാമ ഡയലോഗിന് പ്രൗഢോജ്ജ്വല തുടക്കം; അന്താരാഷ്ട്ര സുരക്ഷയ്ക്കും സഹകരണത്തിനും ഊന്നൽ നൽകി
പ്രദീപ് പുറവങ്കര
മനാമ: മേഖലയിലും ആഗോളതലത്തിലും സുസ്ഥിര സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ബഹ്റൈൻ. മധ്യപൂർവദേശത്തെ പ്രധാന സുരക്ഷാ ഉച്ചകോടിയായ 22-ാമത് ഐഐഎസ്എസ് (IISS) മനാമ ഡയലോഗിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ബഹ്റൈൻ കിരീടാവകാശിയും സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അന്താരാഷ്ട്ര കൂട്ടായ്മയുടെ ആവശ്യകത എടുത്തുപറഞ്ഞത്.
രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണനേതൃത്വത്തിൽ, പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും സംരക്ഷിക്കാനുള്ള എല്ലാ ആഗോള ശ്രമങ്ങൾക്കും ബഹ്റൈൻ ഉറച്ച പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക് എന്നിവയിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും കടൽപ്പാതകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും പുരോഗതിക്കും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുസ്ഥിര വികസനത്തിനും പുരോഗതിക്കും അടിസ്ഥാനം സുരക്ഷയും സമാധാനവുമാണ്. പൊതുവായ വെല്ലുവിളികളെ നേരിടാൻ പരസ്പര സഹകരണവും ക്രിയാത്മകമായ സംഭാഷണങ്ങളും അനിവാര്യമാണെന്ന് കിരീടാവകാശി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നയതന്ത്രജ്ഞരെയും ലോക നേതാക്കളെയും ചർച്ചകളിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം, ഉച്ചകോടിയിൽ നിന്നുള്ള തീരുമാനങ്ങൾ ആഗോള സുരക്ഷാ നയരൂപീകരണത്തിൽ നിർണായക വഴിത്തിരിവാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, സൈനിക മേധാവികൾ, സുരക്ഷാ വിദഗ്ദ്ധർ, അക്കാദമിക് വിദഗ്ധർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
asxasssasa

