ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും നിബന്ധനകൾ ലംഘിച്ചാൽ പിഴ; പുതിയ നിയമഭേദഗതി ബില്ലുമായി ബഹ്റൈൻ പാർലിമെന്റ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഗവൺമെന്റ് അംഗീകൃത സാംസ്കാരിക, സാമൂഹിക, കായിക സംഘടനകളും ക്ലബ്ബുകളും സ്വകാര്യ സ്ഥാപനങ്ങളും നിയമങ്ങൾ ലംഘിച്ചാൽ ഭരണപരമായ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ബിൽ ചൊവ്വാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കും വോട്ടെടുപ്പിനുമായി സമർപ്പിക്കും. നിയമലംഘനങ്ങൾ തടയുന്നതിനായി താക്കീതും പിഴയും ഉൾപ്പെടുന്ന ഘട്ടംഘട്ടമായുള്ള ശിക്ഷാനടപടികളാണ് സർക്കാർ തയ്യാറാക്കിയ ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. സർവീസസ് കമ്മിറ്റി ആവശ്യമായ ഭേദഗതികളോടെ ബിൽ അംഗീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
പുതിയ ഭേദഗതി പ്രകാരം നിയമലംഘനം കണ്ടെത്തിയാൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അത് പരിഹരിക്കാൻ അധികൃതർ ആദ്യം താക്കീത് നൽകും. ഇത് അവഗണിക്കുകയാണെങ്കിൽ 50 ബഹ്റൈൻ ദീനാർ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. എന്നാൽ, മുൻ കരട് ബില്ലിൽ ഉണ്ടായിരുന്നത് പോലെ ഭരണകൂടത്തിന് നേരിട്ട് ക്ലബ് അല്ലെങ്കിൽ അസോസിയേഷൻ ബോർഡ് അംഗങ്ങളെ പുറത്താക്കാൻ സാധിക്കില്ല. താക്കീത് അവഗണിക്കുന്ന ബോർഡ് അംഗങ്ങൾക്കോ ഭാരവാഹികൾക്കോ എതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട മന്ത്രി കോടതിയെ സമീപിക്കണമെന്ന് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചുമത്തുന്ന പിഴകൾക്കെതിരെ 15 ദിവസത്തിനകം പരാതി നൽകാനും, ആവശ്യമെങ്കിൽ 60 ദിവസത്തിനകം കോടതിയെ സമീപിക്കാനും സൗകര്യമുണ്ടാകും. സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ കാര്യക്ഷമമായ മേൽനോട്ടം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗങ്ങളുടെ മിനിറ്റ്സ് സമർപ്പിക്കുന്നതിലെ വീഴ്ച, പൊതുയോഗങ്ങൾ കൃത്യമായി ചേരാതിരിക്കുക, ബാങ്ക് അക്കൗണ്ടുകൾ പരിപാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ സംഘടനകളുടെ ഭാഗത്തുനിന്ന് വർദ്ധിച്ചുവരുന്നതായി സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
cdsdsds

