ഗുരുതര ട്രാഫിക് കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്താൻ ബഹ്റൈൻ പാർലിമെന്റിൽ നിയമനിർമ്മാണം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തണമെന്ന നിർദേശവുമായി പാർലമെന്റ് അംഗങ്ങൾ. എം.പി ഈമാൻ ഷുവൈത്തറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ നിർദേശം സർക്കാരിന് മുന്നിൽ സമർപ്പിച്ചത്. കടുത്ത റോഡപകടങ്ങൾ ഉണ്ടാക്കുന്നവരെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നവരെയും നാടുകടത്തുന്നത് റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷൻ ഡോ. ഹസൻ ബുഖമാസ് വ്യക്തമാക്കി. നിലവിലെ പീനൽ കോഡ് അനുസരിച്ച് കോടതികൾക്കും ഭരണകൂടത്തിനും ഇത്തരം കേസുകളിൽ നാടുകടത്തൽ ശിക്ഷ വിധിക്കാൻ അധികാരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സ്വദേശി ഉദ്യോഗാർത്ഥികളെ സ്വകാര്യ മേഖലയിലെ ഒഴിവുകളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ജോബ്സ് ഡാറ്റാബേസ് ബിൽ ചൊവ്വാഴ്ച പാർലമെന്റ് വോട്ടെടുപ്പിന് സമർപ്പിക്കും. സ്വദേശിവൽക്കരണം ശക്തമാക്കാനും യോഗ്യരായ ബഹ്റൈനികൾക്ക് വേഗത്തിൽ തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് എം.പി ഡോ. മുനീർ സുറൂറും എം.പി ലുൽവ അൽ റുമൈഹിയും ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഇലക്ട്രോണിക് പോർട്ടലുകളും തൊഴിൽ നൈപുണ്യ പ്ലാറ്റ്ഫോമുകളും നിലവിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രി യൂസഫ് ഖലഫ് വ്യക്തമാക്കി.
ഇതിനുപുറമെ, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് നിയമവും മീഡിയ ലിറ്ററസിയും (മാധ്യമ സാക്ഷരത) പ്രത്യേക വിഷയങ്ങളായി പഠിപ്പിക്കാനുള്ള നിർദേശവും പാർലമെന്റിന്റെ പരിഗണനയിലുണ്ട്. ഡിജിറ്റൽ ലോകത്ത് സൈബർ കുറ്റകൃത്യങ്ങളിൽപ്പെടാതെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാൻ ഇത് സഹായിക്കുമെന്ന് എം.പി ജലാൽ കാസിം അൽ മഹ്ഫൂദും എം.പി മുഹമ്മദ് അൽ അഹമ്മദും ചൂണ്ടിക്കാട്ടി. എന്നാൽ പൗരത്വ-മനുഷ്യാവകാശ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇത്തരം വിവരങ്ങൾ നിലവിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ അറിയിച്ചു.
dsfddf

