സെക്രെട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്
ഷീബ വിജയൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തിയ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടത്തിന് സമീപം സമരം സംഘടിപ്പിച്ചതിനാണ് നടപടി.
സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരിച്ചറിഞ്ഞ എട്ട് പേർക്ക് പുറമേ കണ്ടാലറിയാവുന്ന 50 പേരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും നടപ്പിലാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, പ്രതിപക്ഷത്തിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുനോക്കാത്തതെന്നും വളർമതി കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവരെ പരിഗണിക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് പ്രചരണം നടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സർക്കാരിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ തല മുണ്ഡനം ചെയ്തതെന്ന് വളർമതി കൂട്ടിച്ചേർത്തു.
adsasads

