ഗ്ലോബൽ സാമ്പത്തിക ഉച്ചകോടി 'ഗേറ്റ്വേ ഗൾഫ്' നാലാം പതിപ്പിന് നാളെ ബഹ്റൈനിൽ തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ആഗോള സാമ്പത്തിക, ബിസിനസ് രംഗത്തെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് നാലാമത് 'ഗേറ്റ്വേ ഗൾഫ്' ഉച്ചകോടിക്ക് നാളെ (ഞായർ) ബഹ്റൈനിൽ തുടക്കമാകുന്നു. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെ (Bahrain EDB) ആഭിമുഖ്യത്തിൽ ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിലാണ് രണ്ടുദിവസം നീളുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളും മൂലധന ഒഴുക്കും ചർച്ച ചെയ്യുന്നതിനായി മധ്യപൂർവദേശം, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രമുഖ ബിസിനസ് ഗ്രൂപ്പ് മേധാവികളും ഉച്ചകോടിയിൽ അണിനിരക്കും.
'ആഗോള പങ്കാളിത്തം പുനർനിർവ്വചിക്കുക, സുസ്ഥിര വളർച്ച തരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാൻ, വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റോ, യു.എ.ഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള അൽ മർറി, മുൻ ബൈനൻസ് സി.ഇ.ഒ ചങ്പെങ് ഷാവോ തുടങ്ങിയ പ്രമുഖർ ചർച്ചകൾക്ക് നേതൃത്വം നൽകും. കൂടാതെ മുംതലാക്കത്ത്, അൽബ, ഗൾഫ് എയർ, ഇൻവെസ്റ്റ്കോർപ്പ്, ബ്ലാക്ക് റോക്ക്, വിസ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കുന്നുണ്ട്.
ആഗോള നിക്ഷേപകർക്ക് ഗൾഫ് മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്താനും പുതിയ കരാറുകളിലും പങ്കാളിത്തങ്ങളിലും ഒപ്പുവെക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പൊതു-സ്വകാര്യ മേഖലകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ ('ടീം ബഹ്റൈൻ' സമീപനം) വലിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. മുൻ പതിപ്പിൽ 17 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബഹ്റൈന്റെ ജി.ഡി.പിയിൽ 86 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നാണ് എന്നത് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.
dsdsdsds

