ഷാർജ സാംസ്‌കാരിക വകുപ്പ് മൊബൈൽ ലൈബ്രറി യാത്ര നടത്തുന്നു
ഷാർജ : ഷാർജ സാംസ്‌കാരിക വകുപ്പ് കീഴിലുള്ള മൊബൈൽ ലൈബ്രറി 'അതിരുകളില്ലാത്ത വായന' എന്ന പ്രമേയത്തെ ആസ്പദമാക്കി യു.എ.ഇ. യാത്ര സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് പരത്താനും വിഖ്യാതപുസ്തകങ്ങൾ പ്രചരിപ്പിക്കാനുമായാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രാജ്യവ്യാപകമായി യാത്രചെയ്യുന്നത്.
യു.എ.ഇ.യിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് ഷാർജ മൊബൈൽ ലൈബ്രറി യാത്ര നടത്തുക. കൂടാതെ, സർക്കാർ കൂടുതൽ അനുയോജ്യമായ കേന്ദ്രങ്ങൾ നിർദ്ദേശിക്കുകയാണെങ്കിൽ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സർവ്‍വകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതുയിടങ്ങള്‍, ഭിന്നശേഷിക്കാരെ നയിക്കുന്ന കമ്യൂണിറ്റി സംഘടനകളിലും അവരുടെ കേന്ദ്രങ്ങളിലും എന്നിവിടങ്ങളിലെല്ലാം പുസ്തകങ്ങളെത്തിക്കും. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ വായന ആസ്വദിക്കാനും ഇഷ്ടപുസ്തകങ്ങൾ തിരഞ്ഞെടുക്കാനും അവസരമൊരുക്കും.
വായനയിലൂടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വളർച്ച മുന്നിൽക്കണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ വിജ്ഞാനകോശങ്ങൾ, അറബി ഭാഷാകൃതികൾ, കുട്ടികളുടെ പുസ്തകങ്ങൾ, ആനുകാലികങ്ങൾ, കുടുംബങ്ങൾക്കായുള്ള പുസ്തകങ്ങൾ, സാഹിത്യ, ചരിത്ര വിഭാഗത്തിൽ ഉൾപ്പെട്ടവ തുടങ്ങിയവയെല്ലാം ഷാർജ മൊബൈൽ ലൈബ്രറി വിവിധ കേന്ദ്രങ്ങളിലൂടെ എത്തിക്കും.

