ഷെയ്ഖ് സായിദിന്റെ ചിത്രമുള്ള പരവതാനി വിൽക്കാൻ വിസമ്മതിച്ച വ്യാപാരിയെത്തേടി അബുദാബി കിരീടാവകാശിയെത്തി
അബുദാബി : യു.എ.ഇ രാഷ്ട്രശിൽപി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രം പതിച്ച പരവതാനി വിൽക്കാൻ വിസമ്മതിച്ച മീനാ സൂഖിലെ അഫ്ഗാൻ പൗരനായ മൂസാഖാൻ എന്ന പരവതാനിവ്യാപാരിയെ തേടി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെത്തി.
പത്തുലക്ഷം ദിർഹം വരെ പലരും വില പറഞ്ഞെങ്കിലും അതു വിൽക്കാൻ മൂസ തയ്യാറല്ല. കടയിലെ ഏതു പരവതാനിയും വിൽക്കും. പക്ഷെ, ബാബാ സായിദ് പടമുള്ള പരവതാനി തന്റെ കരളാണ്, കടയുടെ അഴകാണ് എന്ന് പറയാൻമൂസയ്ക്ക് മടിയോ പേടിയോഇല്ല. ഒരു പ്രലോഭനത്തിലും വീഴാത്ത മൂസയുടെ സത്യസ ന്ധതയും സ്നേഹവായ്പ്പും പ്രകടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ആ ദൃശ്യങ്ങൾ കണ്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മൂസയെ നേരിട്ട് കാണാൻ കടയിലേക്ക് കടന്നുവന്നത്.

