കനത്ത മൂടൽ മഞ്ഞ് : അബുദാബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ചു
അബുദാബി : അബുദാബിയിൽ കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച തടസപ്പെട്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിൽ (ദുബൈ − അബുദാബി ഹൈവേ) അൽ സംഹ പാലത്തിന് സമീപം 44 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒട്ടേറെ വാഹനങ്ങൾ പൂർണമായും തകർന്നു തരിപ്പണമായി.
കൂട്ടിയിടിയിൽപ്പെട്ട വാഹനങ്ങളുടെ ചില്ലുകളും ഭാഗങ്ങളും റോഡിൽ ചിന്നിച്ചിതറി. തകർന്ന വാഹനങ്ങളും അവശിഷ്ടങ്ങളും റിക്കവറി വാഹനങ്ങളെത്തി നീക്കം ചെയ്ത് റോഡു ഗതാഗതം പുനഃരാരംഭിക്കാൻ മണിക്കൂറുകളെടുത്തു.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച മങ്ങിയതോടൊപ്പം വാഹനങ്ങളുടെ അമിത വേഗവും മുൻപിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ സഞ്ചരിച്ചതുമാണ് പിന്നാലെയെത്തിയ മറ്റു വാഹനങ്ങൾ തുടരെത്തുടരെ ഇടിച്ച് വൻ അപകട പരന്പരക്കു കാരണമായതെന്ന് അബുദാബി പോലീസ് അറിയിച്ചു.


