കനത്ത മൂടൽ മഞ്ഞ് : യു.എ.ഇയിൽ 120 വിമാനങ്ങൾ വൈകി
അബുദാബി : യു.എ.ഇയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിമാന സർവ്വീസുകളെ ബാധിച്ചു. യു.എ.ഇയിൽ ഇറങ്ങേണ്ട 120 വിമാനങ്ങളെയും പുറപ്പെടേണ്ട പന്ത്രണ്ടിലേറെ വിമാനങ്ങളെയും ബാധിച്ചു. ദുബൈ, ഷാർജ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ സർവ്വീസുകളെയാണ് കൂടുതലായി ബാധിച്ചത്.
ദൂരക്കാഴ്ച 100 മീറ്ററായി കുറഞ്ഞതോടെ പുലർച്ചെ മൂന്നിനും രാവിലെ ഒന്പതിനും ഇടയിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ വൈകിയാണ് സർവ്വീസ് നടത്തിയത്. ഏതാനും വിമാനങ്ങൾ മസ്ക്കറ്റ്, ഫുജൈറവിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർലൈൻസ് വിമാനവും നെയ്റോബിയിൽനിന്നുള്ള കെനിയൻ വിമാനവും മസ്ക്കറ്റിലേക്കു തിരിച്ചുവിട്ടു.

