മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ദുബൈ : എമിറേറ്റിന്റെ സാംസ്കാരിക – വൈജ്ഞാനിക രംഗത്തു പുതിയ അധ്യായമായി മാറുന്ന മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർജനറൽ ഹുസൈൻ നാസർ ലൂത്ത, എൻജിനീയറിംഗ് – പ്ലാനിംങ് വിഭാഗം അസി. ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരി തുടങ്ങിയവർ പദ്ധതി പ്രദേശം സന്ദർശിച്ചു.
ദുബൈ ക്രീക്കിൽ ജദ്ദാഫ് മേഖലയിൽ 66,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണു നിർമ്മാണം. ആകൃതിയിലും വലുപ്പത്തിലും ദുബൈയിയുടെ മറ്റൊരു ആകർഷണ കേന്ദ്രമായി മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി മാറുമെന്നാണു പ്രതീക്ഷ. തുറന്ന പുസ്തകത്തിന്റെ ആകൃതിയാണു ലൈബ്രറിക്കു നൽകിയിരിക്കുന്നത്. മുഖ്യകെട്ടിടത്തിൽ ബേസ്മെന്റ്, താഴത്തെ നില, പുസ്തകങ്ങളുടെ വെയർഹൗസായി ഏഴു നിലകൾ എന്നിവയുണ്ടാകും. ഇതു കൂടാതെ പരീക്ഷണശാല, പുസ്തകങ്ങൾ ശേഖരിക്കാനും സംരക്ഷിക്കാനും ഡിജിറ്റൽ രൂപത്തിലേക്കു മാറ്റാനും സഹായിക്കുന്ന സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ടാകും.
ഇൻഫർമേഷൻ സെന്റർ, അറബിക്, പബ്ലിക്, ചിൽഡ്രൻസ്, ഫാമിലി എന്നീ വിഭാഗങ്ങളിലായി വായനശാലകളുണ്ടാകും. കുട്ടികൾക്കു വായനയ്ക്കു മാത്രമല്ല, കളികൾക്കും പഠനത്തിനും അവസരമുണ്ടാകുന്നതാണു കുട്ടികളുടെ വായനശാല. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും സുരക്ഷിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായിരിക്കും ഫാമിലി ലൈബ്രറികളെന്ന് അധികൃതർ അറിയിച്ചു.

