സായിദ് വർഷാചരണം : കർമപരിപാടികളുമായി ദുബൈ മുനിസിപ്പാലിറ്റി
ദുബൈ : സായിദ് വർഷാചരണത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി 20 ഇന കർമപരിപാടിക്ക്തുടക്കം കുറിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പാക്കും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യം 2018 സായിദ് വർഷമായി ആചരിക്കുകയാണ്.
ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി വർഷമാണിത്. ഒട്ടേറെ കാരുണ്യ−ക്ഷേമ പദ്ധതികൾ ഇതോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരം എല്ലാ നാട്ടുകാരുടെയും ക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസ്സർ ലൂത്ത പറഞ്ഞു. ഷെയ്ഖ് സായിദ് പകർന്നുതന്ന മൂല്യങ്ങൾ ഉൾക്കൊണ്ട് മേഖലാ−രാജ്യാന്തര തലത്തിൽ പദ്ധതികൾ വ്യാപിപ്പിക്കും.
മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ഷെയ്ഖ് സായിദിന്റെ കൂറ്റൻ ചിത്രം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഡോക്യുമെന്ററി നിർമ്മിക്കുകയും ചെയ്തു. അടുത്തമാസം സംഘടിപ്പിക്കുന്ന ‘കാർ ഫ്രീ ഡേ’യിൽ ഇതു പ്രദർശിപ്പിക്കും. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലും ഷെയ്ഖ് സായിദിന്റെ ചിത്രമുള്ള വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദിന്റെ അപൂർവ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രദർശനമേളയാണ് മറ്റൊന്ന്. 70−80 കാലഘട്ടങ്ങളിലെ ഈ ചിത്രങ്ങൾ ആദ്യമായാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുക. മുനിസിപ്പാലിറ്റി പ്രസിദ്ധീകരണങ്ങളിലും വെബ്സൈറ്റിലും സായിദ് വർഷാചരണത്തിന്റെ എംബ്ലം പതിക്കും.

