വാറ്റ് വരുമാനത്തിന്റെ എഴുപത് ശതമാനം പ്രാദേശിക സർക്കാരിന് നൽകും : ഷെയ്ഖ് മുഹമ്മദ്
ദുബൈ : വാറ്റ് വരുമാനം സംബന്ധിച്ച് പുതിയ തീരുമാനവുമായി യു.എ.ഇ സർക്കാർ. വരുമാനത്തിന്റെ എഴുപത് ശതമാനവും പ്രാദേശിക സർക്കാരിനായിരിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
അൽ മക്തൂം വ്യക്തമാക്കി. ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. ബാക്കിവരുന്ന മുപ്പതുശതമാനം വരുമാനം രാഷ്ട്രത്തിന്റെ ഫെഡറൽബജറ്റിലേക്ക് വകയിരുത്തും.
ഓരോ എമിറേറ്റുകളിലെയും സർക്കാർ സേവനങ്ങളും സംവിധാനങ്ങളും കൂടുതൽ മികച്ചതും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി ഒന്നു മുതൽ വാറ്റ് നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക സർക്കാരുകളുടെ വരുമാനം പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾക്കായി വിനിയോഗിക്കും.
വാറ്റ് നിലവിൽവന്ന് ആദ്യവർഷം 12 ബില്യൺ ദിർഹമാണ് സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം. രണ്ടാം വർഷം 18−20 ബില്യൺ ദിർഹത്തിനിടയിലാണ് പ്രതീക്ഷിക്കുന്നതെന്നും സാന്പത്തികകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായർ വ്യക്തമാക്കി.

