ഉംറ വിസക്കാർക്ക് വിനോദ കേന്ദ്രങ്ങളും സന്ദർശിക്കാൻ അനുമതി
ജിദ്ദ : ഉംറ തീർത്ഥാടന വിസയിൽ സൗദിയിലെത്തുന്നവർക്ക് വിനോദ കേന്ദ്രങ്ങളും ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാൻ അനുവാദം നൽകാൻ തീരുമാനിച്ചതായി സൗദി ടൂറിസം ആന്റ് ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. ഇതിനായി എക്സ്റ്റൻഡഡ് ഉംറ വിസ അനുവദിക്കുമെന്നും ടൂറിസം ആന്റ് ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.
സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വികസന പദ്ധതികൾ നടന്നു വരുകയാണ്. വിഷൻ 2030ന്റെ ഭാഗമായി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പുതിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ ചുവടുവെപ്പാണ് എക്സ്റ്റൻഡഡ് ഉംറ വിസ അനുവദിക്കാനുള്ള തീരുമാനം.
ഉംറ വിസയിലെത്തുന്നവർക്ക് മക്ക, മദീന, ജിദ്ദ എന്നിവിടങ്ങൾ മാത്രം സഞ്ചരിക്കാനാണ് നിലവിൽ അനുമതിയുള്ളത്. എന്നാൽ എക്സ്റ്റൻഡഡ് ഉംറ വിസ അനുവദിക്കുന്നതോടെ രാജ്യത്തെ ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീർത്ഥാടകർക്ക് അവസരം ലഭിക്കുമെന്ന് ടൂറിസം ആന്റ് ഹെറിറ്റേജ് അതോറിറ്റി മേധാവി മുഹമ്മദ് മൽ ഉമരി പറഞ്ഞു.
ഒരു മാസം കാലാവധിയുള്ള വിസഉപാദികളോടെയാണ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ എല്ലാ രാജ്യങ്ങാർക്കും ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 65 രാജ്യങ്ങളിൽ നിന്നുളളവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുളളവർക്ക് വിസ അനുവദിക്കും. ടൂറിസ്റ്റ് വിസ ഈ വർഷം വിതരണം തുടങ്ങുമെന്ന് ടൂറിസം ആന്റ് ഹെറിറ്റേജ് അതോറിറ്റി ചെയർമാൻ പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

