കോടികളുടെ വായ്പത്തട്ടിപ്പ് : ഇന്ത്യക്കാർക്കെതിരെ നിയമനടപടിയുമായി ദുബൈ ആസ്ഥാനമായ ബാങ്ക്
ദുബൈ : കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ പൗരൻമാരായ ബിസിനസുകാർക്കെതിരെ നിയമനടപടിക്ക് ദുബൈ ആസ്ഥാനമായ ബാങ്ക് ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ റജിസ്റ്റർ ചെയ്തത് 27 കേസുകൾ. പ്രതികളിൽ 40 പേർ മലയാളികൾ. ഇത്രയും കേസുകളിലായി കണക്കാക്കിയ വായ്പത്തട്ടിപ്പ് 800 കോടി രൂപയുടേത്. തുക ഹവാലയായി ഇന്ത്യയിലേക്കു കടത്തിയെന്നു നിഗമനം.
ബാങ്കിന്റെ പവർ ഓഫ് അറ്റോർണിയായ കൊച്ചിയിലെ സ്ഥാപനം ഡി.ജി.പിക്കു നൽകിയ പരാതി ക്രൈംബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ അഞ്ചു ഗൾഫ് ബാങ്കുകൾ കൂടി ഇന്ത്യയിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. മൊത്തം തട്ടിപ്പു തുക 20,000 കോടി കടക്കുമെന്നാണു കണക്കുകൂട്ടൽ.
ബിസിനസ് ആവശ്യത്തിനെന്ന പേരിൽ മാസ്റ്റർ ഫെസിലിറ്റി സംവിധാനത്തിൽ ഓവർ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്കൗണ്ടിങ്, ലെറ്റർ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു വായ്പ സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ ഒരു വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷയ്ക്കൊപ്പം നൽകി. മാസ്റ്റർ ഫെസിലിറ്റി പണമാക്കി മാറ്റാനായി മറ്റു ചില കന്പനികളുമായിച്ചേർന്ന്, ഒരിക്കലും നടന്നിട്ടില്ലാത്ത ക്രയവിക്രിയങ്ങളുടെ ബില്ലുകൾ, ട്രക്ക് കൺസൈൻമെന്റ് നോട്ടുകൾ, ഡെലിവറി ഓർഡറുകൾ എന്നിവയും നൽകി. ഹ്രസ്വകാലത്തേക്കുള്ള വായ്പകളായതിനാലും ആദ്യത്തെ വായ്പ സമയത്തു തിരിച്ചടച്ചതിനാലും വിശദമായ പരിശോധന നടത്താതെയാണു ബാങ്ക് തുടർവായ്പകൾ നൽകിയത്.
ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചിരുന്ന ആസ്തിയുടെ 30 ശതമാനം വരെ വായ്പയായി തരപ്പെടുത്തി. ഒരേ ഓഡിറ്റ് റിപ്പോർട്ട് ഉപയോഗിച്ച് ചിലർ പത്തു ബാങ്കുകളിൽ നിന്നുവരെ വായ്പ നേടി. ഓഡിറ്റ് റിപ്പോർട്ടിൽ 100 കോടിയുടെ ആസ്തിയുള്ള സ്ഥാപനത്തിന് ഇങ്ങനെ 300 കോടി വരെ വായ്പ ലഭിച്ചു. ഓഡിറ്റ് റിപ്പോർട്ട് തന്നെ വ്യാജമാണോഎന്ന കാര്യത്തിലും അന്വേഷണം നടത്താനാണു തീരുമാനം.
ദുബൈയിലുള്ള സ്വത്തുക്കൾ അവിടെത്തന്നെ വിറ്റഴിച്ചശേഷം, വായ്പയായി ലഭിച്ച തുക ഹവാല വഴി ഇന്ത്യയിലേക്കു കടത്തിയെന്നാണു പ്രാഥമിക നിഗമനം. തട്ടിപ്പ് മനസ്സിലായതോടെ വഞ്ചിച്ച ഇടപാടുകാർക്കെതിരെ ബാങ്ക് ചെക്ക് കേസ് നൽകുകയും ഇവർക്കു യാത്രാവിലക്കേർപെടുത്തുകയും ചെയ്തു. എന്നാൽ ഇതിനു മുന്പ് ഇവർ രാജ്യം വിട്ടതായാണു സൂചന. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്കു ജോലിയും നഷ്ടമായി. ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാരും വഞ്ചിച്ചവരുടെ പട്ടികയിലുണ്ട്.


