നയതന്ത്ര തർക്കം രൂക്ഷം: യു.എ.ഇ സ്ഥാനപതിയെ പുറത്താക്കി സൊമാലിയ; നീക്കം പ്രകോപനപരമെന്ന് യുഎഇ
ഷീബ വിജയൻ
ദുബൈ: തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കാനുള്ള സൊമാലിയയുടെ തീരുമാനത്തിനെതിരെ യു.എ.ഇ ശക്തമായി രംഗത്തെത്തി. സൊമാലിയയുടെ നീക്കം പ്രകോപനപരവും ശത്രുതാപരവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ യു.എ.ഇ സ്ഥാനപതി അഹമ്മദ് ജുമ അൽ റുമൈത്തിയോട് ഉത്തരവിട്ട സൊമാലിയ, അബുദാബിയിലുള്ള തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു.
സൊമാലിയയുടെ പരമാധികാരം, ദേശീയ ഐക്യം, ആഭ്യന്തര സുരക്ഷ എന്നിവയെ ബാധിക്കുന്ന യു.എ.ഇ നടപടികൾക്കുള്ള മറുപടിയായാണ് ഈ കടുത്ത തീരുമാനമെന്ന് സൊമാലിയൻ ഇൻഫർമേഷൻ മന്ത്രി അബ്ദിഫത്താഹ് കാസിം മുഹമ്മദ് അറിയിച്ചു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ദുർബലപ്പെടുത്തുന്നതും ഉത്തരവാദിത്തമില്ലാത്തതുമായ നിലപാടാണ് സൊമാലിയ സ്വീകരിച്ചിരിക്കുന്നതെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പൊതുതാൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നും, സൊമാലിയ തങ്ങളുടെ ആഭ്യന്തര അധികാര വടംവലികൾ ഉഭയകക്ഷി ബന്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ദോഷകരമാകുമെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി.
നേരത്തെയുണ്ടായ നയതന്ത്ര തർക്കങ്ങളെത്തുടർന്ന് ജനുവരിയിൽ യു.എ.ഇ മൊഗാദിഷുവിലെ എംബസി അടച്ചുപൂട്ടുകയും ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തിരുന്നു. ഉഭയകക്ഷി കരാറുകൾ റദ്ദാക്കിയതുൾപ്പെടെയുള്ള സൊമാലിയയുടെ ശത്രുതാപരമായ നയങ്ങളാണ് അന്ന് ബന്ധം വഷളാക്കിയതെന്ന് അബുദാബി ആരോപിച്ചിരുന്നു.
qsqdssd


