ചാറ്റിങ്ങിനൊപ്പം ഇനി റീചാർജും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഷീബ വിജയൻ
ന്യൂഡൽഹി: മൊബൈൽ റീചാർജ് ചെയ്യാൻ ഇനി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ട, വാട്സ്ആപ്പ് വഴി തന്നെ എളുപ്പത്തിൽ റീചാർജ് ചെയ്യാം. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേയ്മെന്റ് കമ്പനിയായ പേയു (PayU)വുമായി കൈകോർത്താണ് വാട്സ്ആപ്പ് ഇന്ത്യയിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനം തുടങ്ങിയിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ പുതിയ സൗകര്യം ഉടൻ ലഭ്യമായിത്തുടങ്ങും. വാട്സ്ആപ്പ് തങ്ങളുടെ ആപ്പിനുള്ളിൽ നേരിട്ട് പ്രീപെയ്ഡ് റീചാർജുകൾ അനുവദിക്കുന്നത് ഇത് ആദ്യമായാണ്. നേരത്തെ റിലയൻസ് ജിയോ വാട്സ്ആപ്പിനുള്ളിൽ ഒരു ചാറ്റ്ബോട്ട് സംവിധാനം കൊണ്ടുവന്നിരുന്നു. പ്ലാനുകൾ തിരഞ്ഞെടുക്കാനും വാട്സ്ആപ്പ് പേ വഴി പണമടയ്ക്കാനും ഇത് സഹായിച്ചിരുന്നെങ്കിലും ജിയോ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് തങ്ങൾക്ക് അനുയോജ്യമായ പ്ലാനുകൾ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യാൻ സാധിക്കും.
പ്രീപെയ്ഡ് കണക്ഷനുകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. പോസ്റ്റ് പെയ്ഡ് ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. യുപിഐ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാവുന്നതാണ്. ഇതിനായി ആദ്യം വാട്സ്ആപ്പിലെ ക്യാമറ ഐക്കണിന് അടുത്തുള്ള രൂപ ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന മെനുവിൽ നിന്ന് മൊബൈൽ പ്രീപെയ്ഡ് റീചാർജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അടുത്തതായി റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പർ നൽകിയ ശേഷം സിം ഓപ്പറേറ്റർ ഏതെന്ന് തിരഞ്ഞെടുക്കുക. പിന്നീട് തെളിയുന്ന മെനുവിൽ നിന്ന് ആവശ്യമായ റീചാർജ് പ്ലാൻ തിരഞ്ഞെടുക്കാം. ശേഷം യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് യുപിഐ പിൻ നൽകുന്നതോടെ റീചാർജ് പൂർത്തിയാകും.
adssadsads


