എബോള; ഉഗാണ്ടൻ പൗരന്മാർക്കുള്ള പ്രവേശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുഎഇ
ശാരിക
ദുബൈ: ഉഗാണ്ടൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ പ്രവേശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി യുഎഇ പ്രഖ്യാപിച്ചു.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA), ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) എന്നിവർ സംയുക്തമായാണ് ഈ പ്രഖ്യാപനം നടത്തിയത്. എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ തുടർന്ന് 2026 ജൂണിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
പുതുക്കിയ തീരുമാനപ്രകാരം, ഉഗാണ്ടൻ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള താൽക്കാലിക വിലക്ക് നീക്കിയിട്ടുണ്ട്. ഉഗാണ്ടയിൽ നിന്ന് യാത്ര തിരിച്ച് കുറഞ്ഞത് 21 ദിവസം പൂർത്തിയായവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കും.
അതേസമയം, കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും യുഎഇ വ്യക്തമാക്കി.
2026 ജൂണിന് മുമ്പ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ഉഗാണ്ടൻ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കാം. യുഎഇയിലെ ഉഗാണ്ടൻ എംബസിയിൽ സാധാരണ പാസ്പോർട്ട് കൈവശമുള്ള അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. കൂടാതെ, ഉഗാണ്ടൻ സർക്കാർ നൽകുന്ന നയതന്ത്ര, പ്രത്യേക പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് ഇളവ് ലഭിച്ച വിഭാഗങ്ങൾക്കുള്ള ആരോഗ്യ നടപടിക്രമങ്ങൾ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും.
മാനുഷികവും ചികിത്സാപരവുമായ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ അപേക്ഷകൾ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തോടെ ഓരോന്നും പ്രത്യേകം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. ചികിത്സയ്ക്കായി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ രോഗനിർണ്ണയ വിവരങ്ങൾ, ചികിത്സ തേടുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പേര്, ചികിത്സ ആരംഭിക്കുന്ന തീയതി എന്നിവ വ്യക്തമാക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരുന്നതിനാൽ അവിടുത്തെ പൗരന്മാർക്കുള്ള മുൻകരുതൽ നടപടികൾ തുടരും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യപരമായ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് തുടർന്നും മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ അറിയിച്ചു.
ോേ്്

