രഹസ്യ കൂടിക്കാഴ്ചകളും പരസ്യ പോരും; ഇസ്രായേലിൽ ഐക്യസർക്കാർ നീക്കം വഴിമുട്ടുന്നു
ഷീബ വിജയൻ
ജറുസലേം: ഇസ്രായേലിൽ ദേശീയ ഐക്യസർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഞായറാഴ്ച വീണ്ടും യോഗം ചേരും. കഴിഞ്ഞ ഞായറാഴ്ച പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും ഐക്യനീക്കങ്ങളോട് ഐസൻകോട്ട് മുന്നണി സഹകരിക്കുന്നില്ലെന്നാണ് ലിക്കുഡ് കുറ്റപ്പെടുത്തുന്നത്. നെസെറ്റ് സ്പീക്കർ അമീർ ഒഹാനയെ നീക്കാനും നിയമനിർമ്മാണങ്ങൾക്കും അറബ് പാർട്ടികളുടെ പിന്തുണ തേടിയതിനെയും ലിക്കുഡ് വിമർശിച്ചു. എങ്കിലും രാജ്യത്ത് ദേശീയ ഐക്യം അനിവാര്യമായതിനാൽ ചർച്ചകൾ തുടരുമെന്ന് ലിക്കുഡ് അറിയിച്ചു. ഒക്ടോബർ 27-ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായതോടെയാണ് ഐക്യസർക്കാർ നീക്കങ്ങൾ സജീവമായത്.
ഇതിനിടെ, ബുധനാഴ്ച ബി യാചാദ് നേതാവ് നഫ്താലി ബെന്നറ്റും നെതന്യാഹുവും നെസെറ്റിൽ വെച്ച് രണ്ട് മണിക്കൂറിലധികം രഹസ്യ കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഐസൻകോട്ടിനെ അറിയിക്കാതെയായിരുന്നു ഈ കൂടിക്കാഴ്ച. സുരക്ഷാ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് ലിക്കുഡ് വിശദീകരിച്ചെങ്കിലും ഐക്യസർക്കാർ നീക്കങ്ങളാണ് നടന്നതെന്നാണ് സൂചന. നെതന്യാഹുവുമായി ചേരുന്ന റൊട്ടേഷൻ സർക്കാരിൽ ആദ്യം ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്നതിനെ ബെന്നറ്റ് പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് നീക്കണമെന്ന നിലപാടിൽ ബി യാചാദ് നേതാവ് യെയർ ലാപിഡ് ഉറച്ചുനിൽക്കുകയാണ്. നെതന്യാഹു തുടരുന്നത് ഇസ്രായേൽ ജനതയ്ക്ക് വലിയ അപകടമാണെന്നും ലാപിഡ് വ്യക്തമാക്കി. നെതന്യാഹുവിനൊപ്പം ചേരില്ലെന്ന് ഡെമോക്രാറ്റ്സ് നേതാവ് യെയർ ഗൊലാനും ഇസ്രായേൽ ബെയ്റ്റെനു നേതാവ് അവിഗ്ദോർ ലിബർമാനും വ്യക്തമാക്കിയിട്ടുണ്ട്. നവംബർ എട്ടിന് പ്രസിഡന്റ് ഐസക് ഹെർസോഗിൽ നിന്നാണ് സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ഐസൻകോട്ടിന് ലഭിച്ചത്. 28 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കണം. ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ നെതന്യാഹു വിരുദ്ധ മുന്നണി 19 അറബ് പാർട്ടി സീറ്റുകൾ ഉൾപ്പെടെ 67 സീറ്റുകൾ നേടിയപ്പോൾ നെതന്യാഹുവിന്റെ മുന്നണിക്ക് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
cdcddsasd


