സൈബർ തട്ടിപ്പ് കേസിൽ ആഫ്രിക്കൻ യുവതി റിമാൻഡിൽ; 6.49 ലക്ഷം ബഹ്‌റൈൻ ദിനാർ വീണ്ടെടുത്ത് കമ്പനിക്ക് തിരികെ നൽകി


പ്രദീപ് പുറവങ്കര

മനാമ: രണ്ട് വ്യത്യസ്ത സൈബർ തട്ടിപ്പ് കേസുകളിൽ ആഫ്രിക്കൻ സ്വദേശിനിയായ യുവതിയെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 649,997.767 ബഹ്‌റൈൻ ദിനാർ അധികൃതർ വീണ്ടെടുത്ത് ഇരയായ കമ്പനിക്ക് തിരികെ നൽകി. തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുന്നതിനും കൈമാറുന്നതിനുമായി പ്രതി തന്റെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. യുവതിയുടെ അക്കൗണ്ടിൽ നടന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഒരു ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തട്ടിപ്പിലൂടെ നേടിയ പണം ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിന്നീട് ഇവരുടെ തന്നെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അക്കൗണ്ടുകളിലെ ഇടപാടുകൾ മരവിപ്പിക്കുകയും കേസുമായി ബന്ധപ്പെട്ട തുക പിടിച്ചെടുക്കുകയും ചെയ്തു.

മറ്റൊരു പരാതിയിൽ, തങ്ങളുടെ ഇമെയിൽ ആശയവിനിമയങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതിലൂടെ സൈബർ തട്ടിപ്പിന് ഇരയായതായി ഒരു കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ബിസിനസ് ഇടപാട് പൂർത്തിയാക്കാനെന്ന വ്യാജേന തട്ടിപ്പുകാർ കമ്പനിയെ തെറ്റിദ്ധരിപ്പിക്കുകയും 649,997.767 ദിനാർ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിക്കുകയുമായിരുന്നു. പ്രതിക്ക് ഈ പണം ഉപയോഗിക്കാൻ കഴിയുന്നതിന് മുൻപ് തന്നെ അധികൃതർ തുക പിടിച്ചെടുത്ത് കമ്പനിക്ക് തിരികെ കൈമാറി.

പ്രോസിക്യൂഷൻ സാക്ഷികളെ ചോദ്യം ചെയ്യുകയും ബാങ്ക് ഇടപാടുകളും അനുബന്ധ രേഖകളും പരിശോധിക്കുകയും ചെയ്തു. അന്വേഷണ കണ്ടെത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെ ചോദ്യം ചെയ്ത ശേഷം തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വെക്കാൻ ഉത്തരവിടുകയായിരുന്നു. സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കുന്നതിനും ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ മുൻഗണന നൽകുന്നതെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി. തട്ടിയെടുത്ത പണം കണ്ടെത്തുന്നതിലും തിരിച്ചുപിടിക്കുന്നതിലും പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള ഏകോപനത്തെയും അവർ പ്രശംസിച്ചു.

article-image

eqwqweqw

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed