35 മിനിറ്റിലെ യാത്ര ഇനി 10 മിനിറ്റിൽ; ദുബൈ ആകാശത്ത് പറക്കാൻ എയർ ടാക്സികൾ സജ്ജം, മറീന വെർട്ടിപോർട്ടിന് അംഗീകാരം


ഷീബ വിജയൻ

ദുബൈ: ദുബൈ മറീനയിലെ എയർ ടാക്സി വെർട്ടിപോർട്ടിന്റെ നിർമാണം പൂർത്തിയായതായി ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരവും കേന്ദ്രത്തിന് ലഭിച്ചു. ശേഷിക്കുന്ന അനുമതികൾ കൂടി ലഭിച്ചാൽ വാണിജ്യ സർവീസുകൾ ആരംഭിക്കാനാകും.

ദുബൈയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപം, അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് നടന്നെത്താവുന്ന ദൂരത്താണ് ഈ കേന്ദ്രം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അംഗീകൃത വെർട്ടിപോർട്ടുമായി ഇതിനെ ബന്ധിപ്പിക്കും. റോഡ് മാർഗം ഏകദേശം 35 മിനിറ്റ് എടുക്കുന്ന യാത്ര എയർ ടാക്സിയിൽ 10 മിനിറ്റിൽ താഴെ മതി. ജോബി ഏവിയേഷൻ ആണ് ഈ റൂട്ടിൽ സർവീസ് നടത്തുക. വിമാനത്താവള കേന്ദ്രത്തിന് ശേഷം സർട്ടിഫിക്കേഷൻ ലഭിക്കുന്ന രണ്ടാമത്തെ വെർട്ടിപോർട്ടാണിത്.

ദുബൈ മറീനയിലേക്കും ദുബൈ ഇന്റർനെറ്റ് സിറ്റി ഉൾപ്പെടെയുള്ള സമീപ കേന്ദ്രങ്ങളിലേക്കും യാത്ര എളുപ്പമാകും. ഉയർത്തിയ പാഡ്, ചാർജർ, പാസഞ്ചർ ടെർമിനൽ എന്നിവ ഇവിടെയുണ്ട്. പ്രതിവർഷം 21,000 ലാൻഡിങ്ങുകളും 84,000 യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള കേന്ദ്രത്തിൽ പാർക്കിങ് സൗകര്യവുമുണ്ട്.

ഡൗൺടൗൺ ദുബൈയിലും പാം ജുമൈറയിലുമായി രണ്ട് വെർട്ടിപോർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവ കൂടി ചേരുന്നതോടെ ആദ്യ ഘട്ടത്തിലെ നാല് സ്റ്റോപ്പുകളുള്ള ശൃംഖല പൂർത്തിയാകും. 2025 ജൂൺ മുതൽ മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ പറക്കാൻ ശേഷിയുള്ള ഇലക്ട്രിക് എയർ ടാക്സികളുടെ പരീക്ഷണ പറക്കൽ ജോബി ഏവിയേഷൻ നടത്തുന്നുണ്ട്. യാത്രക്കാരുമായുള്ള സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

article-image

dfssffdsdfsfds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed