പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു; പഴയ തട്ടകമായ കോൺഗ്രസിലേക്ക് മടക്കം
ഷീബ വിജയൻ
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേത്രിയും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുന്നു. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് 2024 മാർച്ചിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. എന്നാൽ പാർട്ടിയിൽ നിന്ന് സ്ഥാനമാനങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരികെ വരാനുള്ള തീരുമാനം. ഇന്നലെ പത്മജ വേണുഗോപാലും ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും പാളയത്ത് മത്സരിക്കുകയും, ബിജെപിക്ക് സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ വോട്ട് നേടാൻ തനിക്ക് കഴിഞ്ഞെന്നും അവർ വ്യക്തമാക്കി. തന്റെ കുടുംബം മുഴുവൻ കോൺഗ്രസുകാരാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം തന്നെ ഒരുപാട് സഹായിച്ച നേതാക്കളാണെന്നും, അന്ന് കെപിസിസി പ്രസിഡന്റുമായുണ്ടായ ചെറിയ തർക്കമാണ് ബിജെപിയിലേക്ക് പോകാൻ ഇടയാക്കിയതെന്നും പത്മിനി വിശദീകരിച്ചു. സ്ഥാനങ്ങൾ മോഹിച്ചല്ല മടക്കമെന്നും സാധാരണ പ്രവർത്തകയായി തുടർന്ന് സ്പോർട്സ് മേഖലയ്ക്കായി പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കെപിസിസി കായിക വേദി സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള പത്മിനി തോമസ് 1982 ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും റിലേയിൽ വെള്ളിയും നേടിയിട്ടുണ്ട്. അർജുന അവാർഡും ജി.വി.രാജ അവാർഡും നേടിയിട്ടുള്ള ഇവർ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
#PadminiThomas #Congress #BJP #KeralaPolitics #Sports
cvcddsdfs


