നവംബർ 12 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദേശം
ശാരിക
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റോടും ഇടിമിന്നലോടെയുമുള്ള കനത്ത മഴയ്ക്കാണ് സാധ്യത. ഇതിനൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടേക്കാം. മഴയ്ക്ക് പിന്നാലെ അന്തരീക്ഷ താപനിലയിൽ നാല് മുതൽ ആറ് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും അറേബ്യൻ ഉപദ്വീപിലൂടെ എത്തുന്ന ന്യൂനമർദ്ദ പാത്തിയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. തുടക്കത്തിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെങ്കിലും ബുധനാഴ്ച ഉച്ചയോടെ പടിഞ്ഞാറൻ മേഖലകൾ, തീരദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴയെത്തും. അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ, റാസൽഖൈമ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും അൽ ദഫ്ര, മലയോര മേഖലകളിലും മഴ ശക്തമാകാനാണ് സാധ്യത.
ദുബായ്ക്കും അൽ ഐനും ഇടയിലുള്ള പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത കൂടുതൽ. അതേസമയം, അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ രൂപപ്പെടാനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലേക്ക് തിരികെ എത്തിത്തുടങ്ങുമെങ്കിലും ശനിയാഴ്ച വരെ കടൽ പ്രക്ഷുബ്ധമായി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.
േ്ിേ്ി

