ലോക ക്ലാസിക്കുകളുമായി ലൂവ്ർ അബുദാബി തുറന്നു
അബുദാബി : ലോക ക്ലാസിക്കുകളുമായി ലൂവ്ർ അബുദാബിയുടെ ഉദ്ഘാടനം ബുധനാഴ്ച രാത്രി നടന്നു. ഫ്രഞ്ച് പ്രസിഡണ്ട്് ഇമ്മാനുവൽ മാക്രോണും യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈാ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ അബുദാബിയിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിന് മുന്പായി ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ ഗാലറികൾ പരിശോധിച്ചു. രാത്രി 7.30ഓടെ ഭാര്യ ബ്രിജിത്തയുമൊത്ത് ലൂവ്രിലെത്തിയ മക്രോണിനെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ സ്വീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി.
ശനിയാഴ്ചയാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക. ശനി, ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയുമായിരിക്കും പ്രവർത്തനസമയം. മുതിർന്നവർക്ക് 60 ദിർഹവും 13നും 22നുമിടയിൽ പ്രായമുള്ളവർക്കും വിദ്യാഭ്യാസ പ്രഫഷനലുകൾക്കും 30 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 13 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അംഗപരിമിയുള്ളവർക്ക് ഒരു സഹായിയോടൊപ്പം സൗജന്യമായി പ്രവേശനം അനുവദിക്കും.


