കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിലേക്ക്
ന്യൂഡൽഹി : കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെങ്കയ്യ നായിഡു രാജിവെച്ച ഒഴിവിലേക്കാണ് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അൽഫോൻസ് കണ്ണന്താനത്തിന്‍റെ പേര് നാമനിർദ്ദേശം ചെയ്തത്. രാജസ്ഥാൻ നിയമസഭയിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ അൽഫോൻസ് കണ്ണന്താനത്തിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയില്ല. ഇതോടെ കണ്ണന്താനം വിജയം ഉറപ്പിക്കുകയായിരുന്നു. വെങ്കയ്യ നായിഡുവിന് പകരം അൽഫോൻസ് കണ്ണന്താനത്തെ മത്സരിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.
കണ്ണന്താനം രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ ബി.ജെ.പി എം.എൽ.എ പരസ്യമായി രംഗത്തെത്തിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മുതിർന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ ഘനശ്യാം തിവാരി, കണ്ണന്താനത്തെ പോലുള്ളവർ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാൽ എം.എൽ.എയോ കൗൺസിലറോ പോലും ആവില്ലെന്നും പറഞ്ഞിരുന്നു.


