കസബിലെ കടൽ പരപ്പിൽ ഇനി ബസും
കസബ് : കസബിലെ കടൽ പരപ്പിൽ ഇനി ബസും സർവീസ് നടത്തും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കരയിലും കടലിലും സഞ്ചരിക്കുന്ന ബസ് സർവീസ് കഴിഞ്ഞ മാസം 30ന് തുടക്കം കുറിച്ചു. ജനസംഖ്യ കുറഞ്ഞ മുസന്ദം ഗവർണറേറ്റിലെ കസബ് ദ്വീപിൽ വിനോദ സഞ്ചാരികൾ വർദ്ധിച്ചുവരികയാണ്. മുതിർന്നവർക്ക് 10 റിയാലും കുട്ടികൾക്ക് അഞ്ച് റിയാലുമാണ് നിരക്ക്. 90 മുനിട്ടാണ് ആകെ ബസ് യാത്രയുടെ സമയം. ഇതിൽ 45 മിനുട്ട് കസബിലെ കരയിലും 45 മിനുട്ട് കടലിലും സഞ്ചരിക്കും. ബസിലെ തൊഴിലാളികൾക്ക് പുറമെ 34 പേർക്ക് ഒരു സമയം ബസിൽ സഞ്ചരിക്കാൻ കഴിയും.
യൂറോപ്പിൽ നിന്നാണ് കരയിലെയും − കടലിലെയും യാത്രക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ബസ് ഇറക്കുമതി ചെയ്തത്. കരയിൽ അതിവേഗം സഞ്ചരിക്കുന്ന ബസ് കടലിൽ അൽപം വേഗത കുറവാണ്. മസ്‌കത്തിൽ നിന്ന് 570 കിലോമീറ്റർ അകലെയുള്ള കസബ് ദ്വീപ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. അയൽ രാജ്യമായ യു.എ.ഇയിൽ നിന്നാണ് കൂടുതൽ പേർ കസബിലെത്തുന്നത്.
വാട്ടർ ബസ് സർവീസിന് പിന്നിൽ ഗോൾഡൻ കോസ്റ്റ് ട്രാവൽ ആന്റ് ടൂറിസം കന്പനിയാണ്. കസബിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനറൽ മാനേജർ അബ്ദുർറഹ്മാൻ അഹ്മദ് അൽ മുല്ല പറഞ്ഞു.


