ദുബൈയിൽ ഭീഷണിപ്പെടുത്തി പെൺവാണിഭം : അമ്മയും മകളും പിടിയിൽ
ദുബൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പെൺവാണിഭത്തിനായി ഭീഷണിപ്പെടുത്തി കൊണ്ടുവന്ന ഇറാഖ് സ്വദേശികളായ അമ്മയും മകളും പിടിയിൽ. ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് ഇറാഖിൽ നിന്നും കൊണ്ടുവരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 31 വയസുള്ള വീട്ടമ്മയും അവരുടെ 64 വയസുള്ള മാതാവുമാണ് 15നും 17നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മനുഷ്യക്കടത്തിലൂടെ കൊണ്ടുവരുന്നത്. വയസ് തിരുത്തി നിയമ വിരുദ്ധമായാണ് കുട്ടികളെ യു.എ.ഇ രാജ്യങ്ങളിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
തന്നെ ഭീഷണിപ്പെടുത്തിയാണ് 2013ൽ യു.എ.ഇയിൽ കൊണ്ടുവന്നതെന്ന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തി. തന്റെ സഹോദരിയെയും പെൺവാണിഭ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നു. തന്റെ ചിത്രങ്ങൾ വാട്സാപ് വഴി അയച്ചു കൊടുത്താണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. പിടിയിലായവർ സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.
12 വയസുള്ള സഹോദരിയെ ഇറാഖിൽ വച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൊണ്ടുവന്നതെന്ന് ഇരയായ മറ്റൊരു പെൺകുട്ടിയും പറഞ്ഞു. വിസയുടെ ആവശ്യത്തിനായി ദുബായിലെ വില്ലയിൽ വച്ചു ചില കടലാസുകളിൽ ഒപ്പിടാൻ പറഞ്ഞിരുന്നു. പക്ഷേ, ഒരു സിറിയൻ പൗരനുമായുള്ള വിവാഹത്തിന്റെ എഗ്രിമെന്റ് ആയിരുന്നു ഇത്. കേസിൽ ആരോപിതയായ 31 വയസുള്ള യുവതിയുടെ സുഹൃത്താണ് ഈ സിറിയൻ പൗരൻ. വില്ലയിൽ നിന്നും മറ്റുവില്ലകളിലേക്കും സ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കും ആവശ്യക്കാരെ തേടി പോകുന്നതിനുള്ള സൗകര്യത്തിനാണ് ഈ കരാറെന്ന് ഇരയായ മറ്റൊരു പെൺകുട്ടി പറഞ്ഞു.
ഏതാനും ദിവസം മുന്പ് ഇരകളിൽ ഒരു പെൺകുട്ടി വില്ലയിൽ നിന്നും പുറത്തുവരികയും പലസ്തീൻ സ്വദേശിയായ യുവതി അവരെ പോലീസിൽഏൽപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് വൻ പെൺവാണിഭ സംഘത്തെക്കുറിച്ച് പോലീസിന് അറിവ് ലഭിച്ചത്. അൽ ഖവാനീജിലെ വില്ലയിൽ പോലീസ് നടത്തിയ റെയ്ഡിൽ 104,000 ദിർഹം പിടിച്ചെടുത്തു. ഇരകളായ പെൺകുട്ടികളെ ദുബൈ ഫൗണ്ടേഷന്റെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കേസ് വീണ്ടും നവംബർ 28ന് പരിഗണിക്കും.


