കായൽ കയ്യേറ്റ വിവാദത്തിൽ തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം
തിരുവനന്തപുരം : കായൽ കയ്യേറ്റ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം. മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാൽ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെയും അറിയിച്ചെന്നാണ് വിവരം. വിഷയത്തിൽ മന്ത്രിയുടെ രാജി നേരിട്ട് ആവശ്യപ്പെടാൻ സിപിഎം ഒരുക്കമല്ലെന്നും ഇതു മുന്നണി മര്യാദയല്ലെന്നുമാണു അഭിപ്രായം. എൻസിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം. വിവാദം മുന്നണിക്കും സർക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിർണായക തീരുമാനമുണ്ടായേക്കും.
കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടാണ് മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടിയായത്. മന്ത്രി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.
കോട്ടയം വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമർശവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചില്ലെന്ന പിടിവള്ളിയിലാണു മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്. നിയമോപദേശം എതിരായാൽ കൈവിടുമെന്ന സൂചന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നൽകിയിട്ടുണ്ട്. ഘടകകക്ഷിയായ സിപിഐ ആദ്യം മുതലേ തോമസ് ചാണ്ടിക്ക് എതിരായാണു നിലകൊണ്ടത്. പല കോണുകളിൽനിന്നു രാജിക്കായി മുറവിളി ഉയരുന്നതിനിടെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ചാണ്ടിയെ തിരക്കിട്ടു വിളിപ്പിച്ചതും ചർച്ചയായി.
തോമസ് ചാണ്ടിയുടെ രാജി ആവശ്യം വെള്ളിയാഴ്ച ചേരുന്ന സിപിഐ നിർവാഹക സമിതിയിലും ഉയർന്നേക്കും. ജനജാഗ്രതാ യാത്രക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയും ചർച്ചയാകും. ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്കെതിരായ പ്രസ്താവനയും പ്രകോപനമുണ്ടാക്കിയിട്ടുണ്ട്.


