ദുബൈ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിൽ
ദുബൈ : ദുബൈയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യക്കാർ. ഈ വർഷം ജനുവരി മുതൽ സപ്തംബർ വരെ 1,478,000 ഇന്ത്യൻ സഞ്ചാരികൾ ദുബൈയിലെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 20% വർദ്ധന. 1,250,000 സന്ദർശകരുമായി സൗദി രണ്ടാം സ്ഥാനത്തും 905,000 പേരുമായി യു.കെ മൂന്നാമതുമാണെന്നു ദുബൈ ടൂറിസം വ്യക്തമാക്കി.
ടൂറിസം രംഗത്തു ദുബൈ നടപ്പാക്കിവരുന്ന പദ്ധതികൾ വിവിധ രാജ്യങ്ങളിലുള്ളവരെ ആകർഷിക്കുന്നു. സന്ദർശകരുടെ എണ്ണത്തിൽ മൊത്തത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യത്തെ ഒൻപതു മാസത്തിൽ 1.16 കോടി സന്ദർശകരാണ് എത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.5% വർദ്ധന.
വിസാ നടപടികൾ എളുപ്പമാക്കിയതും കൂടുതൽ ഉല്ലാസമേഖലകൾ തുറന്നതും മികച്ച അടിസ്ഥാന സൗകര്യങ്ങളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 2020 ആകുന്പോഴേക്കും രണ്ടുകോടിയിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ദുബൈ ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി പറഞ്ഞു. സന്ദർശകർ കൂടുതൽ ദിവസങ്ങൾ തങ്ങാൻ താൽപര്യം കാട്ടുന്നു. എക്സ്പോ മുൻനിർത്തി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും ചൂണ്ടിക്കാട്ടി.


