ലഹരി മരുന്ന് കേസിൽ ഏഷ്യക്കാരനെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു


അബുദാബി : ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഏഷ്യക്കാരനായ യുവാവിനെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു. പൊലീസിന്റെ 'ഓപറേഷന്‍ ഫാല്‍ക്കൻ ഐ' എന്ന കര്‍ശന നിരീക്ഷണ നടപടിയിലൂടെ മൂന്നു കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയാണു പ്രതിയെ പിടികൂടിയത്.

ഹെറോയിന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ജനങ്ങള്‍ക്കു വിതരണം ചെയ്യാനും ശ്രമിച്ച വ്യക്തിയെക്കുറിച്ചു ലഭിച്ച സംശയാസ്പദമായ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തൊണ്ടി സഹിതം പ്രതിയെ പിടികൂടാനായതെന്ന് അബുദാബി പൊലീസ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു.

ഏറ്റവും അപകടകരമായ ഇനത്തില്‍ പെട്ട മയക്കുമരുന്നാണു പിടിച്ചെടുത്തതെന്നും അബുദാബിയില്‍ ഹെറോയിന്‍ കാപ്‌സ്യൂളുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പിടിയിലാവുമ്പോള്‍ കാല്‍ കിലോഗ്രാമോളം മയക്കുമരുന്നു ഗുളികകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇടപാടുകാരന്റെ വീട്ടില്‍ പിന്നീടു നടത്തിയ പരിശോധനയിലാണു ബാക്കി ലഹരി മരുന്നു കണ്ടെത്തിയത്.

സമൂഹത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ലഹരിമരുന്ന് ഉപയോഗവും വിനിമയവും നിര്‍മാര്‍ജനം ചെയ്യുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനും പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബുദാബി പൊലീസിന്റെ 'ഓപ്പറേഷന്‍ ഫാല്‍കൻ ഐ' കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ലക്ഷ്യമിടുന്നതായും ലഹരിമരുന്ന് വിതരണം ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed