മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തി
തിരുവനന്തപുരം : അസാധാരണമായി മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തി. അക്രമ രാഷ്ട്രീയത്തെത്തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങൾ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയും, അക്രമത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കുറ്റവാളികളെ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം ട്വിറ്റർ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.
രാവിലെ 11 മണിയോടെയാണു കൂടിക്കാഴ്ച നടന്നത് എന്നാണു വിവരം. ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ഗവർണർ മുഖ്യമന്ത്രിയോടു വിശദീകരണം തേടാറാണ് പതിവെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം നൽകിയതായും ഗവർണർ അറിയിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായും സംസ്ഥാന ആർഎസ്എസ് മേധാവിയുമായി സംസാരിച്ചെന്നും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇവരുടെ സഹകരണം തേടിയതായും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.
സിപിഎം – ബിജെപി സംഘർഷം പരിഹരിക്കാൻ ഗവർണറും ഇടപെട്ടു. കുമ്മനവുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ബിജെപി സംസ്ഥാന ഓഫിസിനു നേരെ അടന്ന ആക്രമണത്തെക്കുറിച്ച് കുമ്മനത്തോടും, ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കു നടന്ന കല്ലേറിനെക്കുറിച്ചു കോടിയേരിയോടും വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ഫോണിൽ അറിയിച്ചുവെന്നും ഗവർണർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

