ലഹരി­മരു­ന്ന് കേ­സ് : താ­രങ്ങളെ­ അറസ്റ്റ് ചെ­യ്യി­ല്ലെ­ന്ന് തെ­ലങ്കാ­ന മു­ഖ്യമന്ത്രി­


ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസിൽ, താരങ്ങളെ അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. സൂപ്പർ താരം രവി തേജയുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ സംഘം ‘ഇര’കളായി മാത്രമേ കണക്കാക്കൂവെന്നും ചന്ദ്രശേഖർ റാവു വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ലഹരിമരുന്നിന് ഇരകളായതിനാൽ താരങ്ങളെ ആ രീതിയിൽ മാത്രം പരിഗണിച്ചാൽ മതിയെന്നും ലഹരിമരുന്ന് കടത്തുന്നതും വിൽക്കുന്നതും കുറ്റമാണെങ്കിലും, ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും അന്വേഷണ സംഘാംഗങ്ങൾ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായാണ് വിവരം. 

അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ‍ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രവി തേജ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്പാകെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത സംവിധായകൻ പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളിൽ രവി തേജ അഭിനയിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ ക്യാമറാമാൻ ശ്യാം കെ. നായിഡു, നടൻമാരായ പി. സുബ്ബരാജു, തരുൺകുമാർ, പി. നവദീപ്, നടിമാരായ ചാർമി കൗർ, മുമൈത് ഖാൻ, കലാസംവിധായകൻ ധർമറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. സിനിമാ രംഗത്തെ 12 പേർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്ന് സംഘം അറിയിച്ചു. 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed