യു.എ.ഇയിൽ ഭീകരവാദ സംഘടനയെ തകർത്തു; ഇറാൻ ബന്ധമുള്ള സംഘം പിടിയിൽ
പ്രദീപ് പുറവങ്കര I ഗൾഫ്
അബുദാബി: യു.എ.ഇയുടെ ദേശീയ ഐക്യത്തെ തകർക്കാനും രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഭീകരവാദ സംഘടനയെ തകർത്തതായും ഇതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായും യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറിയിച്ചു. പിടിക്കപ്പെട്ടവർക്ക് ഇറാൻ ഭരണകൂടവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്തിനുള്ളിൽ വ്യവസ്ഥാപിതമായ ഭീകരാക്രമണങ്ങൾക്കും അട്ടിമറി പ്രവർത്തനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ വെളിപ്പെടുത്തി.
തീവ്രവാദ ആശയങ്ങളിൽ അകൃഷ്ടരായ ഈ സംഘം അതീവ രഹസ്യമായ യോഗങ്ങളിലൂടെയാണ് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളിൽ സ്വാധീനം ചെലുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തും വെച്ച് ഭീകര സംഘടനകളുമായി ഇവർ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായും നിരീക്ഷണത്തിൽ കണ്ടെത്തി. എമിറാത്തി യുവാക്കൾക്കിടയിൽ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കാനും രാജ്യത്തിന്റെ വിദേശനയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ അവരെ പ്രേരിപ്പിക്കാനും സംഘം ശ്രമിച്ചിരുന്നു. കൂടാതെ, അനധികൃതമായി ഫണ്ട് ശേഖരിച്ച് വിദേശത്തുള്ള സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് അയച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
രഹസ്യ സംഘടന രൂപീകരിക്കുക, രാജ്യത്തിന് പുറത്തുള്ള ശക്തികളോട് വിശ്വസ്തത പ്രഖ്യാപിക്കുക, ദേശീയ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും ഭംഗം വരുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ സ്വദേശികളോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു.
aa



