പ്രവാ­സി­ തൊ­ഴി­ലാ­ളി­ ഇൻ­ഷു­റൻ­സ് : പരി­ഷ്കരി­ച്ച പതി­പ്പ് ആഗസ്റ്റ് ഒന്ന് മു­തൽ


ദുബൈ : കേന്ദ്രസർക്കാർ പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്കായി നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ആഗസ്റ്റ് ഒന്നിനു നിലവിൽ വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യം, തൊഴിൽ കേസുകൾ എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ നൽകാൻ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കു പുതിയ പദ്ധതി പ്രകാരം കൂടുതൽ അധികാരം ലഭിക്കും. 

മുന്പ് തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യത്തെ സർക്കാരിൽ നിന്ന് സർട്ടിഫിക്കറ്റുകളും റിപ്പോർട്ടുകളും തൊഴിലാളികൾക്കു ലഭിച്ചെങ്കിൽ മാത്രമേ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്ല്യങ്ങൾ ലഭിച്ചിരുന്നുള്ളൂ. അപകടമരണം, അപകടംമൂലമുള്ള അംഗവൈകല്ല്യം തുടങ്ങിയ കാര്യങ്ങൾക്ക് തൊഴിലുടമകൾ ക്ലെയിം ഉന്നയിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ, പുതിയ നിയമമനുസരിച്ച് ഇത്തരം രേഖകൾ അതതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നൽകിയാൽ മതി. പോളിസി കാലാവധിക്കുള്ളിൽ ജോലി മാറിയാലും അത് ഇനി പോളിസിയെ ബാധിക്കില്ല.

ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനു വിദേശ രാജ്യത്തേക്കുള്ള യാത്രയ്ക്കു മുന്പ് 14 ദിവസത്തെ സമയപരിധിവേണമെന്ന നിർദ്ദേശം പുതിയ പദ്ധതിയിൽ നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. പ്രൊട്ടക്റ്റർ ഓഫ് ഇമിഗ്രന്റ്സിനു മുന്പാകെ ഇമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷിക്കുന്പോൾത്തന്നെ നിർബന്ധിത ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തും. രണ്ടു വർഷത്തേക്ക് 275 രൂപയും മൂന്നു വർഷത്തേക്കു 375 രൂപയുമാണ് പ്രീമിയം അടയ്ക്കേണ്ടത്. പിന്നീടു പോളിസി ഓൺലൈനായി പുതുക്കാനും സാധിക്കും. 

10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണു ലഭിക്കുക. അപകടമരണം, അപകടംമൂലമുള്ള സ്ഥിരമായ അംഗവൈകല്ല്യത്തെ തുടർന്നു ജോലി നഷ്ടം തുടങ്ങിയ സാഹചര്യങ്ങളിൽ പത്തു ലക്ഷം രൂപ ലഭിക്കും. അപകടമരണം, സ്ഥിരമായ അംഗവൈകല്ല്യം എന്നിവയ്ക്ക് ഇന്ത്യൻ എംബസിയുടെ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ ആധികാരികമായി കണക്കാക്കും. വിദേശരാജ്യങ്ങളിലെ അധികൃതർ സാക്ഷ്യപ്പെടുത്തേണ്ടതില്ല.

അപകടം, അസുഖം എന്നിവമൂലമുള്ള ആശുപത്രി വാസത്തിനു മെഡിക്കൽ ഇൻഷുറൻസ് തുക 75,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. തൊഴിൽ കേസുകൾ നടത്താനുള്ള ധനസഹായം 30,000 രൂപയിൽനിന്നു 45,000 രൂപയായി ഉയർത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തണം.

ആരോഗ്യപരമായ കാരണങ്ങളാലോ, മറ്റേതെങ്കിലും കാരണങ്ങളാലോ ജോലി നഷ്ടപ്പെട്ടാൽ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസ് യാത്രാടിക്കറ്റ് ലഭിക്കും. വനിതകൾക്ക് പ്രസവാനുകൂല്ല്യവുമുണ്ട്. സാധാരണ പ്രസവമാണെങ്കിൽ 35,000 രൂപയും സിസേറിയനാണെങ്കിൽ 50,000 രൂപയും ലഭിക്കും. കുടുംബത്തിന്റെ ഇന്ത്യയിലുള്ള ആശുപത്രി ചെലവുകൾക്കു പ്രതിവർഷം പരമാവധി 50,000 രൂപ വരെ ലഭിക്കും. അപകടമരണമോ സ്ഥിരമായ അംഗവൈകൽയമോ സംഭവിച്ചാൽ നാട്ടിലേക്കു വൺവേ ഇക്കോണമി ക്ലാസ് യാത്രയ്ക്കുള്ള പണം ലഭിക്കും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed