വനിതാ സംവരണ ബിൽ ലോക്സഭയിൽ; കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം
ഷീബ വിജയൻ
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം. സഭ നടപടികൾ ആരംഭിച്ചതുമുതൽ ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. അന്തരിച്ച ഗായിക ആശാ ഭോസ്‌ലെക്കും മറ്റ് മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് സഭ ബില്ലിലേക്ക് കടന്നത്. എന്നാൽ, ബില്ലിനെ പരാജയപ്പെടുത്താനാണ് തങ്ങളുടെ തീരുമാനമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
മണ്ഡല പുനർനിർണ്ണയ നീക്കത്തിൽ പ്രതിഷേധിച്ചു ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. ബിൽ അവതരണത്തിന് സർക്കാർ അനുമതി തേടിയതോടെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപി ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. ഈ നീക്കം ഫെഡറൽ തത്വങ്ങൾക്കെതിരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ഇടപെട്ട സ്പീക്കർ, എല്ലാവർക്കും സംസാരിക്കാൻ സമയം അനുവദിക്കുമെന്നും സഭാനടപടികളുമായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. ബില്ലിലെ സാങ്കേതികമായ കാര്യങ്ങളാണ് ഇപ്പോൾ പറയേണ്ടതെന്നും ചട്ടങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ ചർച്ചകൾ പിന്നീട് നടത്താമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ബില്ലിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
DSCZDSDS




