തീരസുരക്ഷ ശക്തം; കിംഗ് ഫഹദ് കോസ്‌വേ കോസ്റ്റ് ഗാർഡ് ബേസിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പ്രാദേശികമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈന്റെ തീരസുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ കിംഗ് ഫഹദ് കോസ്‌വേയിലെ കോസ്റ്റ് ഗാർഡ് ബേസ് സന്ദർശിച്ചു. മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ കാര്യക്ഷമതയും പ്രവർത്തന സജ്ജീകരണങ്ങളും അദ്ദേഹം നേരിട്ട് അവലോകനം ചെയ്തു.
ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ ബഹ്‌റൈനെ പ്രാപ്തമാക്കുന്നത് ഹിസ് മജസ്റ്റി രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നിർദ്ദേശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിൽ കൊണ്ടുവന്ന വികസനം മികച്ച ഫലം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുന്ന ഏകോപിതമായ പ്രവർത്തനങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ കോസ്റ്റ് ഗാർഡ്, റോയൽ ബഹ്‌റൈൻ നേവൽ ഫോഴ്സ്, നാഷണൽ ഗാർഡ് എന്നിവർ തമ്മിലുള്ള അടുത്ത സഹകരണത്തെ മന്ത്രി പ്രശംസിച്ചു. രാജ്യാന്തര തലത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും പരിശീലന പരിപാടികളും ഉൾപ്പെടുത്തി കോസ്റ്റ് ഗാർഡിനെ കൂടുതൽ നവീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
സന്ദർശന വേളയിൽ കസ്റ്റംസ് അഫയേഴ്സ്, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട് സെക്യൂരിറ്റി എന്നീ വിഭാഗങ്ങളുടെ സേവനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. കോസ്‌വേ വഴിയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിലും ചരക്ക് നീക്കം സുഗമമാക്കുന്നതിലും ഇവരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
sdfsf



