സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ ജീവിത സമ്പാദ്യം അടിച്ചുമാറ്റി കരീബിയൻ നിക്ഷേപ കമ്പനി


സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ ജീവിത സമ്പാദ്യമായ ശതകോടികൾ അടിച്ചുമാറ്റി കരീബിയൻ നിക്ഷേപ കമ്പനി. സ്വദേശമായ ജമൈക്കയിൽ കിങ്സ്റ്റൺ ആസ്ഥാനമായുള്ള സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡിൽ നിക്ഷേപിച്ച 1.27 കോടിയിലേറെ ഡോളർ (100 കോടി രൂപ) ആണ് നഷ്ടമായത്. പിൻവാതിലിനപ്പുറത്ത് നടക്കുന്നതറിയാതിരുന്ന ബോൾട്ട് അടുത്തിടെ പരിശോധിച്ചപ്പോൾ 12,000 ഡോളർ മാത്രമാണ് അവശേഷിച്ചിരുന്നത്. ഇതോടെ, കമ്പനി അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാൽ, നിയമ നടപടിയുമായി നീങ്ങിയാലും തുക തിരിച്ചുകിട്ടിയേക്കില്ലെന്നും റിപ്പോർട്ടുണ്ട്.

2022 ഒക്ടോബർ വരെ എസ്.എസ്.എൽ അക്കൗണ്ടിൽ പണമുണ്ടായിരുന്നതായും പിന്നീടാണ് നഷ്ടമായതെന്നും ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൺ ഗോർഡൻ പറഞ്ഞു. 2012 മുതൽ ഇവിടെ നിക്ഷേപമുള്ള ബോൾട്ട് ഒരിക്കൽ പോലും തുക പിൻവലിച്ചിരുന്നില്ല. ഇത് അവസരമാക്കിയായിരുന്നു അടിച്ചുമാറ്റൽ. സ്ഥാപനത്തിലെ ജീവനക്കാരിലൊരാളാണ് പിന്നിലെന്നാണ് സൂചന. ഇയാൾ ഇപ്പോഴും കമ്പനിയിൽ തുടരുന്നുണ്ടെന്നും തട്ടിപ്പ് സംബന്ധിച്ച് കമ്പനിക്ക് ആഗസ്റ്റ് മുതൽ മുന്നറിയിപ്പ് ലഭിച്ചതാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവം പരിശോധിച്ചുവരികയാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

10 ദിവസത്തിനകം തുക തിരിച്ചുനൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഉസൈൻ ബോൾട്ട് അറിയിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാതെ തുക അടിച്ചുമാറ്റാൻ അവസരമൊരുക്കിയ ഫൈനാൻഷ്യൽ സർവീസസ് കമീഷനെതിരെയും നടപടിക്കൊരുങ്ങുകയാണ് താരം. തനിക്കും മാതാപിതാക്കൾക്കും പിൽക്കാല ജീവിതത്തിൽ തുണയാകാനായി നിക്ഷേപം നടത്തിക്കൊണ്ടിരുന്ന തുകയാണ് നഷ്ടമായത്. കായിക ലോകത്തെ മുനയിൽ നിർത്തിയ കരിയറിനൊടുവിൽ 2017ലാണ് ഉസൈൻ ബോൾട്ട് വിരമിക്കുന്നത്. മൂന്നു ഒളിമ്പിക്സുകളിലായി എട്ട് സ്വർണം നേടിയ താരം എണ്ണമറ്റ ലോക മീറ്റുകളിലും സുവർണതാരമായിരുന്നു. കരിയറിനിടെ സ്ഥാപനത്തിലിട്ട തുകയാണ് ഏറെ വൈകി താരം പരിശോധിച്ചത്. ജീവനക്കാരിലൊരാൾ ആരോരുമറിയാതെ തുക അടിച്ചുമാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്. മറ്റു നിരവധി പേർക്കും സമാനമായി തുക നഷ്ടമായിട്ടുണ്ടെന്നാണ് സൂചന. സ്ഥാപനം ഇതേ കുറിച്ച് കൂടുതൽ പ്രതികരിച്ചിട്ടില്ല. നിരവധി പേർക്ക് സുരക്ഷിത നിക്ഷേപ കേന്ദ്രമായ ജമൈക്കയിലെ സാമ്പത്തിക തട്ടിപ്പ് രാജ്യത്തും പുറത്തും വൻ ഞെട്ടലായിട്ടുണ്ട്.

article-image

DTGHH

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed