സൗദിയിൽ പുതുതായി അഞ്ച് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി
സൗദി അറേബ്യയിൽ നാലു മേഖലകളിൽ നിന്നായി പുതുതായി അഞ്ച് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സൗദി അരാംകോ അറിയിച്ചു. പ്രതിദിനം നൂറ് ദശലക്ഷം ക്യുബിക് അടിയിലധികം ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്നവയാണ് പുതിയ പാടങ്ങളെന്ന് അധികൃതർ അറിയിച്ചു. മധ്യമേഖല, റുബുഉൽ ഖാലി, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. വൈദ്യുതി ഉത്‌പാദനത്തിനായി കത്തുന്ന എണ്ണയുടെ അളവ് കുറയ്ക്കാനും കൂടുതൽ ലാഭകരമായ രീതിയിൽ ഇന്ധന കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വാതക ഉത്പാദനത്തിന് കൂടുതൽ ഊന്നൽ കൊടുക്കുന്ന സമയത്താണ് രാജ്യം പുതിയ വാതക പാടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2060 ഓടെ രാജ്യം സീറോ കാർബൺ പ്രസരണം എന്ന ലക്ഷ്യത്തിലേക്കുള്ള സഞ്ചാരം ഉറപ്പാക്കുന്നതിന് സൗദി അറേബ്യയുടെ മുൻഗണനകളിൽ ഒന്നായി മാറിയിക്കുകയാണ് ഗ്യാസ് ഉത്പാദനം ബ്രിട്ടീഷ് പെട്രോളിയം പിഎൽസിയുടെ കണക്ക് പ്രകാരം ഖത്തറിന് ശേഷം അറബ് മേഖലയിൽ ഏറ്റവും കൂടുതൽ വാതക ശേഖരമുള്ളത് സൗദിയിലാണ്.

