ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സൗദിയിൽ സ്ഥാപിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദിൽ സ്ഥാപിക്കുന്നത്.
റിയാദിലെ അർഗ ഡിസ്ട്രിക്റ്റിലാണ് ഈ സിറ്റി പദ്ധതി നടപ്പാക്കുന്നത്. യുവജനങ്ങൾക്കും സന്നദ്ധ വിഭാഗങ്ങൾക്കും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും വേണ്ടിയാണ് ഇങ്ങനെയൊരു നഗരം. യുവതി - യുവാക്കൾക്ക് തൊഴിലവസരങ്ങളും തൊഴിൽ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തിന്റെ ഗുണഭോക്താക്കൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കും.
അക്കാദമികൾ, കോളജുകൾ, സ്കൂളുകൾ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങൾ നഗരത്തിൽ സ്ഥാപിക്കപ്പെടും. കോൺഫ്രൻസ് ഹാൾ, സയൻസ് മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായുള്ള ശ്രമങ്ങൾ നടക്കുന്ന ‘നവീകരണ കേന്ദ്ര’വും നഗരത്തിലുണ്ടാകും. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ഗാലറി, പെർഫോമിങ് ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക കളരി, പാർപ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും.