ജനവാസ മേഖലകളിലെ രാത്രികാല നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരുത്താൻ നീക്കം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലകളിൽ രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നീക്കവുമായി നോർത്തേൺ മുനിസിപ്പൽ കൗൺസിൽ. താമസസ്ഥലങ്ങൾക്ക് സമീപം രാത്രി വൈകിയും വാരാന്ത്യങ്ങളിലും നടക്കുന്ന നിർമ്മാണ, പൊളിക്കൽ ജോലികൾ ജനങ്ങളുടെ വിശ്രമത്തിന് തടസ്സമാകുന്നത് കണക്കിലെടുത്താണ് ഈ നീക്കം. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഇത് സംബന്ധിച്ച നിർദ്ദേശം ഐകകണ്ഠേന പാസാക്കി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വാഇൽ അൽ മുബാറക്കിന് സമർപ്പിച്ചു.
രാത്രികാലങ്ങളിലെ അമിത ശബ്ദം കാരണം ഉറക്കം നഷ്ടപ്പെടുന്നത് അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾക്കും സാമൂഹിക അസ്വസ്ഥതകൾക്കും കാരണമാകുന്നുവെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. 1977-ലെ നിലവിലെ ബിൽഡിംഗ് റെഗുലേഷൻ നിയമത്തിൽ ശബ്ദമുണ്ടാക്കുന്ന ജോലികൾക്ക് നിശ്ചിത സമയം രേഖപ്പെടുത്തിയിട്ടില്ലാത്തത് കരാറുകാർ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയമഭേദഗതിക്ക് ശുപാർശ ചെയ്തത്. ജനവാസ മേഖലകളിൽ ജോലി ചെയ്യാവുന്ന സമയം വ്യക്തമായി നിർവചിക്കണമെന്നും നിയമം ലംഘിക്കുന്ന കരാറുകാർക്കെതിരെ കർശനമായ പിഴ ചുമത്തണമെന്നും കൗൺസിൽ അംഗം അബ്ദുള്ള അഷൂർ അവതരിപ്പിച്ച നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.
വിശുദ്ധ മാസത്തിൽ ആരാധനകൾക്കും വിശ്രമത്തിനും തടസ്സമില്ലാത്ത അന്തരീക്ഷം ഉറപ്പാക്കാൻ ഇത്തരം നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് കൗൺസിലർമാർ ഊന്നിപ്പറഞ്ഞു. രാജ്യത്തെ നഗരവൽക്കരണം വേഗത്തിലായ സാഹചര്യത്തിൽ വികസനവും ജനക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഡോ. മൊഹ്സിൻ അബ്ദുള്ള വ്യക്തമാക്കി.
ewfdewds


